മൊഹാലി- വ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ 'ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍' പിടിയില്‍. രാജ്ബീര്‍ കൗര്‍ എന്ന ജസ്‌നീത് കൗറിനെ പഞ്ചാബിലെ മൊഹാലിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൈവശമുണ്ടായിരുന്ന ബിഎംഡബ്ല്യു കാറും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ജസ്‌നീത് കൗറിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സാണുള്ളത്. തന്റെ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടാണ് ഇവര്‍ പണക്കാരായ പുരുഷന്മാരുമായി സൗഹൃദത്തിലാകുന്നത്. അവരുടെ നഗ്‌ന ചിത്രങ്ങളും കൈക്കലാക്കും. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും. യുവതിക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. കഴിഞ്ഞ നവംബറിലാണ് വാട്‌സ്ആപ്പില്‍ ഒരു അജ്ഞാത നമ്പരില്‍ നിന്ന് പണം ആവശ്യപ്പെട്ട് മുപ്പത്തിമൂന്നുകാരനായ വ്യവസായിക്ക് മെസേജ് വന്നത്. തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്നായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. യുവതിയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തത് സഹ്നെവാളിലെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ലക്കി സന്ധുവാണ്. നേതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.