ഗുവാഹതി- താജ്മഹലും കുത്തബ് മിനാറും പൊളിക്കണമെന്ന ആവശ്യവുമായി അസമിലെ ബിജെപി എം എല്‍ എ രൂപ്ജ്യോതി കുര്‍മി രംഗത്ത്. ഇവയ്ക്ക് പകരം ക്ഷേത്രങ്ങള്‍ പണിയണമെന്നാണ് എം എല്‍ എയുടെ ആവശ്യം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിനെ 'യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നോ' എന്ന് അന്വേഷിക്കണമെന്ന് കുര്‍മി ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താജ്മഹലിനും കുത്തബ് മിനാറിനും പകരം ക്ഷേത്രം പണിയണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മാണത്തിനായി തന്റെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്നും എം എല്‍ എ അറിയിച്ചു.
'താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിച്ച്, രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. രണ്ട് ക്ഷേത്രങ്ങളുടെയും വാസ്തുവിദ്യ ലോകത്തെ മറ്റ് സ്മാരകങ്ങളെക്കാളൊക്കെ മികച്ചതായിരിക്കണം.'- എം എല്‍ എ പറഞ്ഞു. മുംതാസിന്റെ മരണശേഷം ഷാജഹാന്‍ മൂന്ന് വിവാഹം കൂടി കഴിച്ചത് എന്തുകൊണ്ടാണ്? മുംതാസിനോട് അത്രയ്ക്കും പവിത്രമായ സ്നേഹമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് വീണ്ടും വിവാഹം കഴിച്ചത്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹല്‍, ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുകൊണ്ടാണ് നിര്‍മിച്ചതെന്നും' അദ്ദേഹം അവകാശപ്പെട്ടു.