ന്യൂദല്‍ഹി - പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാജ്യത്തിന് നാണക്കേടായി മാറി. പോരടിച്ചു കൊണ്ടിരിക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാതിരുന്നതോടെ ഒരു ദിവസം പോലും സ്വാഭാവിക രീതിയില്‍ സമ്മേളിക്കാതെയാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം പിരിയാന്‍ പോകുന്നത്. ഭരണപക്ഷത്തിന്റെ അംഗബലത്തില്‍ ബജറ്റും ബില്ലുകളും പാസാക്കിയതൊഴിച്ചാല്‍ മറ്റ് നടപടിക്രമങ്ങളിലേക്കൊന്നും ഇത്രയും ദിവസവും സഭ കടന്നിരുന്നില്ല. പ്രതിപക്ഷം തുടര്‍ച്ചയായി സഭാ നടപടികള്‍ തടസ്സപ്പെടുത്തി. അവസാന ദിവസമായ ഇന്നും സമ്മേളനം ബഹളത്തില്‍ മുങ്ങുമെന്ന കാര്യം ഉറപ്പാണ്.
കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് തിരക്കിട്ട് അയോഗ്യനാക്കിയതോടെയാണ് സമ്മേളനത്തിന്റെ അവസാന ഘട്ടത്തില്‍ പോലും സമ്മേളനവുമായി സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകാതിരുന്നത്. ഇന്നലെയും ഭരണ-പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്‍ത്തിവച്ചിരുന്നു. അദാനി, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളിലാണ് സഭയില്‍ ഇന്നലെയും ബഹളം തുടര്‍ന്നത്. ഇരുസഭകളും ചേര്‍ന്നയുടന്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തി വെയ്ക്കുകയായിരുന്നു.