വളാഞ്ചേരി-രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 68 ലക്ഷം രൂപ വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പണവുമായി രണ്ടു പേര്‍ പിടിയിലായത്. സംഭവത്തില്‍ ഊരകം ഒ.കെ മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് യഹിയ (34), കുന്നത്തുതൊടി മന്‍സൂര്‍(37) എന്നിവരെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയില്‍ നിന്നു കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ വളാഞ്ചേരി പോലീസ് സ്റ്റേഷന് സമീപം പോലീസ് വാഹന പരിശോധനക്കിടെയാണ് തുക പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. കാറിന്റെ അടിയില്‍ രഹസ്യ അറ ഉണ്ടാക്കി പണം അതില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ്പി ബിജുവിന്റെ നിര്‍ദേശപ്രകാരം വളാഞ്ചേരി എസ്എച്ച്ഒ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാറും പണവും പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ ബിജു, അന്‍വര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, ശൈലേഷ്, ആന്‍സന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.