ന്യൂഡൽഹി - കോഴിക്കോട്ട് ട്രെയിനിന് തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്ന് എ.ടി.എസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മോട്ടോറോള കമ്പനിയുടെ മൊബൈൽ ഫോൺ, എ.ടി.എം കാർഡ് തുടങ്ങിയവ കണ്ടെടുത്തതായും റിപ്പോർട്ടിലുണ്ട്.
ഇന്നലെ അർധരാത്രിയോടെ പിടികൂടിയ പ്രതിയെ ഇന്ന് ഉച്ചയോടെ കേരള പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് കേരള സംഘം പ്രതിയുമായി കേരളത്തിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നും കേന്ദ്ര ഇന്റലിജൻസും എ.ടി.എസ് സംഘവും മറ്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഷാറൂഖ് സെയ്ഫി ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പോലീസ് വലയിലായത്. അജ്മീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം. പ്രതിയെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി സംഭവത്തിന്റെ ചുരുളുകൾ അഴിക്കാനാണ് കേരള സംഘത്തിന്റെ നീക്കം. അതിനിടെ, പ്രതിയുടെ വീട്ടിലെത്തി പുസ്തകങ്ങൾ, ഡയറി, ഫോൺ തുടങ്ങിയവ പിടിച്ചെടുത്ത് പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായും മറ്റും ബന്ധമുണ്ടോ എന്നിത്യാദി കാര്യങ്ങളെല്ലാം കൂടുതൽ സൂക്ഷ്മമായി ഡൽഹി പോലീസ് അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്.