കോഴിക്കോട് / മുംബൈ - മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വച്ച് പിടികൂടിയ കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന ഷാറൂഖ് സെയ്ഫിയുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു.
നടപടിക്രമങ്ങളെല്ലാം പാലിച്ച് പ്രതിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം ഇന്ന് രാവിലെയാണ് കേരള സംഘത്തിന് കൈമാറിയത്. തുടർന്ന് കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രതിയെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കേരള പോലീസ് സംഘം പ്രതിയുമായി റോഡ് മാർഗം കേരളത്തിലേക്ക് തിരിച്ചതായാണ് വിവരം.
. മുഖത്തും കാലുകളിലുമേറ്റ പൊള്ളലിന് ആശുപത്രിയിൽ ചികിത്സ തേടി മുങ്ങിയ പ്രതി കുറ്റം സമ്മതിച്ചതായും മാനസിക പ്രശ്‌നങ്ങളില്ലെന്നും അന്വേഷണ സംഘാംഗങ്ങൾ വെളിപ്പെടുത്തിയതായാണ് വിവരം. പ്രതിയുടെ ലക്ഷ്യം, സംഭവത്തിന് പിന്നിലെ ആസൂത്രണം, ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടത് തുടങ്ങി ദുരുഹതയുളവാക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്.