Sorry, you need to enable JavaScript to visit this website.

'രാഷ്ട്രീയമില്ലാത്ത എന്‍. സി. ഇ. ആര്‍. ടി' ഗാന്ധി വധത്തില്‍ ആര്‍. എസ്. എസിനെയും ഹിന്ദു വര്‍ഗ്ഗീയവാദികളെയും വിമര്‍ശിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കി

ന്യൂദല്‍ഹി- മഹാത്മാഗാന്ധി വധത്തില്‍ ആര്‍. എസ്. എസിനെയും ഹിന്ദു വര്‍ഗീയവാദികളെയും വിമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്ത നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍. സി. ഇ. ആര്‍. ടി)യുടെ നടപടി വിവാദമായി. മുഗള്‍ ഭരണാധികാരിളെ കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിരുന്നു. മുഗള്‍ ഭരണം ഒഴിവാക്കിയതിന് കാരണം രാഷ്ട്രീയ കാരണങ്ങളല്ലെന്നും കോവിഡിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് കഴിഞ്ഞ ദിവസം എന്‍. സി. ഇ. ആര്‍. ടി ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞത്.

മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങളും ഗാന്ധി വധത്തില്‍ ആര്‍. എസ്. എസിനെയും ഹിന്ദു വര്‍ഗീയവാദികളെയും പ്രതിരോധത്തിലാക്കുന്ന ഭാഗങ്ങളും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങളുമൊക്കെയാണ് എന്‍. സി. ഇ. ആര്‍. ടി നീക്കം ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ചിലര്‍ മാത്രം വര്‍ഗ്ഗീയമായി ചിന്തിക്കുന്നത് എന്ന അര്‍ഥത്തില്‍ പറഞ്ഞാണ് മുഗള്‍ ഭരണം ഒഴിവാക്കിയതിനെതിരെ വന്ന വിമര്‍ശനങ്ങളെ എന്‍. സി. ഇ. ആര്‍. ടി ഡയറക്ടര്‍ പ്രതിരോധിച്ചത്. വര്‍ഗ്ഗീയമായി ചിന്തിക്കുന്നത് പാഠപുസ്തക കമ്മിറ്റിയാണെന്നതാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ തെളിയുന്ന വസ്തുത. 

ഒന്നര പതിറ്റാണ്ടായി പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് പുതിയ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റിയത്. 

'ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു. ആര്‍. എസ്. എസ് പോലുള്ളവയ്ക്കും കുറച്ചുകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു, ഹിന്ദു- മുസ്‌ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങളാണ് ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചത്. അവര്‍ ഗാന്ധിജിയെ വധിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി' എന്നിങ്ങനെ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്ന ഭാഗങ്ങളെല്ലാം പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരിക്കുകയാണ്.

എന്‍. സി. ഇ. ആര്‍. ടി പാഠപുസ്തകങ്ങളിലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമര്‍ശമുള്ള 'അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈറ്റി' എന്ന ഭാഗം 11-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വര്‍ഗവും മതവും വംശീയതയും പലപ്പോഴും പാര്‍പ്പിട മേഖലയില്‍ എങ്ങനെ വേര്‍തിരിവുകളുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഖണ്ഡികയാണ് ഇത്. വര്‍ഗീയ അക്രമങ്ങള്‍ ധ്രുവീകരണം എങ്ങനെ വര്‍ധിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായി 2002ലെ ഗുജറാത്ത് കലാപത്തെയും ഇവിടെ ഉദ്ധരിച്ചിരുന്നു.

ഈയൊരു പാഠഭാഗം കൂടി നീക്കം ചെയ്തതോടെ ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠ ഭാഗങ്ങളെല്ലാം ഒഴിവാക്കപ്പെട്ടു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലെ രണ്ട് ഭാഗങ്ങള്‍ ഒഴിവാക്കിയതായി മാത്രമേ എന്‍. സി. ഇ. ആര്‍. ടി ഔദ്യോഗികമായി അറിയിച്ചിരുന്നുള്ളു.

ഇതിനു പുറമെ പന്ത്രണ്ടാം ക്ലാസിലേക്കുള്ള ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ രാജാക്കന്‍മാരെ കുറിച്ച് പരാമര്‍ശിക്കുന്ന ''രാജാക്കന്മാരും ദിനവൃത്താന്തങ്ങളും' എന്ന ഭാഗമാണ് എന്‍. സി. ഇ. ആര്‍. ടി നീക്കം ചെയ്തത്. പന്ത്രണ്ടാം ക്ലാസ്സിലെ ഹിന്ദി, പൗരശാസ്ത്രം,  രാഷ്ട്രതന്ത്രം പാഠപുസ്തകങ്ങളിലും എന്‍. സി. ഇ. ആര്‍. ടി കത്രിക വെച്ചിട്ടുണ്ട്.

ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന് കവിതകളും ലേഖനങ്ങളുമാണ് നീക്കം ചെയ്തത്. അമേരിക്കന്‍ മേധാവിത്വം ലോക രാഷ്ട്രീയത്തില്‍, ശീതയുദ്ധ കാലഘട്ടം എന്നീ രണ്ട് അധ്യായങ്ങളാണ് പൗരശാസ്ത്ര പുസ്തകത്തില്‍ നിന്ന് നീക്കിയത്. പൊളിറ്റിക്കല്‍ സയന്‍സിലെ രാഷ്ട്രീയം സ്വാതന്ത്ര്യത്തിന് ശേഷം എന്ന പുസ്തകത്തില്‍ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം എന്നീ അധ്യായങ്ങള്‍ ഒഴിവാക്കി.

പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ എന്‍. സി. ഇ. ആര്‍. ടി നേരത്തേ പരിഷ്‌കരിച്ചിരുന്നു. പതിനൊന്നാം ക്ലാസ്സിലെ ലോക ചരിത്രമെന്ന പാഠപുസ്തകത്തില്‍ നിന്ന് സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്സ്, ഇന്‍ഡസ്ട്രിയല്‍ റവല്യൂഷന്‍ തുടങ്ങിയ അധ്യായങ്ങളാണ് നേരത്തേ നീക്കം ചെയ്തത്. പത്താം ക്ലാസ്സിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ ഒഴിവാക്കിയിരുന്നു.

Latest News