ന്യൂഡൽഹി - കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മഹാരാഷ്ട്രയിൽ പിടിയിലായതും ഡൽഹി ഷഹീൻബാഗിലെ വീട്ടിൽനിന്ന് കാണാതായതുമായ ഷാറൂഖ് സെയ്ഫിയും ഒരാൾ തന്നെയെന്ന് സ്ഥിരീകരണം. ഷാറൂഖ് സെയ്ഫിയുടെ വീട്ടിലെത്തി പോലീസും കേരള എ.ടി.എസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ട്രെയിൻ തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ടീ ഷർട്ടും ഷാറൂഖ് സെയ്ഫിയുന്റേതെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. ഈ ടീ ഷർട്ട് മകൻ വീട്ടിൽ ഉപയോഗിക്കുന്നതാണെന്ന് ഷാറൂഖിന്റെ പിതാവ് ഫക്രൂദ്ദീൻ പറഞ്ഞതായാണ് വിവരം.
മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോയും കുടുംബാംഗങ്ങളെ കാണിച്ചു. ഫോട്ടോയിലുള്ളത് കാണാതായ ഷാരൂഖ് സെയ്ഫി തന്നെയാണെന്നും മകനെ മാർച്ച് 31 മുതൽ കാണാനില്ലെന്നും കുടുംബം പറഞ്ഞു.