കോഴിക്കോട്- നോമ്പുകാലമായതോടെ നിത്യേന വില കൂടുന്ന പഴമായി മാറിയിരിക്കുകയാണ് വത്തക്ക. മാര്‍ച്ച് മാസത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പരമാവധി കിലോ പതിനഞ്ച് രൂപയ്ക്കാണ് വത്തക്ക വിറ്റിരുന്നത്. റോഡരികില്‍ പതിനെട്ടിനും. ഇപ്പോഴിത് മുപ്പത് രൂപ നിരക്കിലാണ് ചൂടപ്പം പോലെ വിറ്റഴിയുന്നത്. ആവശ്യക്കാരേറിയതിനാല്‍ ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു. ഏതായാലും നോമ്പു തുറ വിഭവങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് വത്തക്ക. ഫ്രൈ ചെയ്ത പലഹാരങ്ങളേക്കാള്‍ എന്തു കൊണ്ടും ഉത്തമം വത്തക്കയും വത്തക്ക ജ്യൂസുമാണെന്ന് ആരോഗ്യ വിദഗദര്‍ പറയുന്നു. ഹൃദ്രോഗം, കാന്‍സര്‍ എന്നിവ ചെറുക്കാനും ഇതിന് കഴിവുണ്ട്. അതു കൊണ്ട് വത്തക്കയെ കണ്ടാല്‍ എല്ലാവരും നിഷ്കരുണം കൈകാര്യം ചെയ്തു കൊള്ളൂ. ദാഹമകറ്റുന്നതിലുപരി നിരവധി ഗുണങ്ങളുള്ള ഫലമാണ് വത്തക്ക. ഇതിലടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡ് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ലൈകോഫീന്‍ എന്ന ഘടകം കാന്‍സറിനെ ചെറുക്കും. കൊളസ്ട്രോള്‍ കുറയ്ക്കും. വിറ്റാമിന്‍ ബി1, ബി6 എന്നിവ ശരീരത്തിന് ഊര്‍ജ്ജം നല്‍കും. വിറ്റമിന്‍ എ കാഴ്ച വര്‍ദ്ധിപ്പിക്കും. ഹൃദയം, ത്വക്ക് എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കും. ദിവസവും തണ്ണിമത്തന് കഴിയ്ക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരുടെ അഭിപ്രായം.
നോമ്പ് തുടങ്ങിയതോടെ മിക്ക പഴ വര്‍ഗങ്ങള്‍ക്കും വില കൂടി. കിലോ ഇരുപത് രൂപയ്ക്ക് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ലഭിച്ചിരുന്ന നേന്ത്രപ്പഴത്തിന് അമ്പത് രൂപയാണ് നിരക്ക്. കോവിഡ് കാലത്ത് ആരോരും വാങ്ങാനില്ലാതിരുന്ന കൈതച്ചക്ക കിലോ എണ്‍പത് രൂപയായി. മാങ്ങ, അവക്കാഡോ, മുന്തിരി തുടങ്ങി സകല ഇനങ്ങള്‍ക്കും വില കൂടി. റെക്കോര്‍ഡിട്ടത് ആപ്പിളാണ്. നൂറ് രൂപയ്ക്ക് കിലോ ലഭിച്ചിരുന്ന ആപ്പിളിന് ഇരുനൂറ് രൂപയാണ് കിലോഗ്രാമിന് ഇപ്പോള്‍.