ബംഗളൂരു- മുതിർന്ന മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആറാമൻ പരശുറാം വഗ്മാരെയാണ് ഘാതകനെന്ന് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. ഗൗരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് തന്നെയാണ് യുക്തിവാദികളായ ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരെ വകവരുത്താനും ഉപയോഗിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പരശുറാം വഗ്മാരെയാണ് ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചത്. ഇയാൾ ഉപയോഗിച്ച തേക്കു തന്നെയാണ് മറ്റു രണ്ട് കൊലപാതകങ്ങൾക്കും ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഈ തോക്ക് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തോക്ക് കണ്ടെത്തിയില്ലെങ്കിലും ഫോറൻസിക് പരിശോധനയിലൂടെ ഇത്തരം നിഗമനത്തിലെത്താൻ സാധിക്കും.
കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സംഘടനക്ക് അഞ്ച് സംസ്ഥാനങ്ങളിലായി 60 അംഗങ്ങളാണുള്ളത്. വിവിധ ഹിന്ദു സംഘടനകളിൽനിന്നുള്ളവർ രൂപം നൽകിയ കൂട്ടായ്മക്ക് പേരില്ല. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലാണ് ഈ സംഘത്തിന്റെ ശൃംഖല പ്രവർത്തിച്ചിരുന്നത്. ഉത്തർ പ്രദേശ് ബന്ധത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു ജാഗ്രുതി സമിതി, സനാതൻ സൻസ്ഥ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളിലുള്ളവരെയാണ് ഈ സംഘം റിക്രൂട്ട് ചെയ്തിരുന്നതെങ്കിലും ഇത്തരം സംഘടനകൾക്ക് കൊലപാതകങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഗൗരി ലങ്കേഷ്, പൻസാര, കൽബുർഗി എന്നിവരുടെ കൊലപാതകങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഹിന്ദു ജാഗ്രുതി സമിതിയും സനാനതൻ സൻസ്ഥയും നേരത്തെ വ്യക്തമാക്കിയിരുന്നു. സുജിത് കുമാർ എന്ന പ്രവീൺ ആണ് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് അഞ്ച് സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾക്കൊള്ളുന്ന സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ഗൗരി ലങ്കേഷിനെ കൊലപ്പടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ഇവർക്ക് കൊലയിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ബംഗളൂരുവിലെ വസതിയുടെ കവാടത്തിൽ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.
ആറു മാസം മുതൽ ഒരു വർഷം വരെയെടുത്താണ് സംഘം തങ്ങളുടെ ദൗത്യം പൂർത്തിയാക്കാറുള്ളതെന്നും കൃത്യമായ ആസൂത്രണം നടത്താറുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. കന്നഡ എഴുത്തുകാരൻ കെ.എസ് ഭഗവാനെ കൊലപ്പെടുത്താനുള്ള പദ്ധതി അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സംഘം പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഭഗവാനെ കൊല്ലാനുള്ള പദ്ധതി കർണാടക പോലീസ് തകർക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ നാല് പേരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് ഗൗരി ലങ്കേഷ് വധത്തിലുള്ള പങ്കിനെ കുറിച്ച് സംശയമുയർന്നതും കൂടതൽ ചോദ്യം ചെയ്തതും. ഹിന്ദു ദൈവങ്ങളെ കുറിച്ചും മറ്റുമുള്ള ഭഗവാന്റെ ലേഖനങ്ങൾ ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു.