ന്യൂദല്‍ഹി - മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും വിധി പറഞ്ഞുകൊണ്ട് കോടതി നിരീക്ഷിച്ചു. 2022 ജനുവരി 31 നാണ് ദേശ സുരക്ഷയുടെ പേരില്‍ മീഡിയാവണ്‍ ചാനലിന്റെ പ്രവര്‍ത്തനം വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഹൈക്കോടതിയും ശരിവെച്ചിരുന്നു. തുടര്‍ന്ന് മീഡിയാവണ്‍ മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.