ന്യൂയോര്‍ക്ക്- തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രതി ചിത്ര താരത്തിന് പണം നല്‍കിയ കേസില്‍ അറസ്റ്റിലായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കോടതി കുറ്റം ചുമത്തിയ ശേഷം വിട്ടയച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട ട്രംപ് തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം നിഷേധിച്ചു. കോടതിയില്‍ തന്റെ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. 2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി രതി ചിത്ര താരം സ്റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ല്‍ താനും ട്രംപും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു.
2006 ജൂലൈയില്‍ ലേക്ക് ടാഹോയില്‍ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഡാനിയല്‍സ് ട്രംപിനെ പരിചയപ്പെടുന്നത്. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006ലാണ്. സംഭവം നടക്കുമ്പോള്‍ മെലനിയ മകന്‍ ബാരണ്‍ ട്രംപിന് ജന്മം നല്‍കി നാലുമാസം ആയതേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണം തെറ്റാണെന്നും 'വ്യാജമായ ആരോപണങ്ങള്‍' അവസാനിപ്പിക്കാനാണു പണം നല്‍കിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.