ന്യൂഡൽഹി - അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ വാഹനാപകടം വരുത്തുന്നവരോട് സഹതാപം വേണ്ടെന്നു സുപ്രീം കോടതി. വാഹനാപകട കേസിൽ പ്രതിയുടെ ശിക്ഷ ഇളവുചെയ്ത പഞ്ചാബ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ശിക്ഷാ നിയമം രൂപപ്പെടുത്തിയതെന്ന് ജസ്റ്റിസുമാരായ എം.ആർ ഷായും സി.ടി രവികുമാറും ചൂണ്ടിക്കാട്ടി. ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരുക്കേല്ക്കുകയും ചെയ്ത വാഹനാപകട കേസിൽ പ്രതിക്ക് വിചാരണക്കോടതി രണ്ടുവർഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ അപ്പീൽ പരിഗണിച്ച ഹൈക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത് ശരിവച്ചെങ്കിലും ശിക്ഷ എട്ടുമാസമായി കുറച്ചിരുന്നു. ഇതിനെതിരെ പഞ്ചാബ് സർക്കാർ നല്കിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വാഹനാപകട കേസിലെ പ്രതിയുടെ ശിക്ഷ കുറച്ചപ്പോൾ ഹൈക്കോടതി അത് വേണ്ടത്ര പരിഗണിച്ചില്ലെന്നു വേണം കരുതാൻ. അശ്രദ്ധമായ പ്രവൃത്തിയിലൂടെ അപകടം വരുത്തിവയ്ക്കുന്നവർക്കു നേരെ ഒരു സഹതാപവും വേണ്ടതില്ലെന്ന് മുൻ വിധികൾ ഉദ്ധരിച്ച് സുപ്രീം കോടതി വ്യക്തമാക്കി. പ്രതി അശ്രദ്ധമായി ഓടിച്ച എസ്.യു.വി ആംബുലൻസിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കോടതി ഓർമിപ്പിച്ച. ആംബുലൻസ് മറിഞ്ഞാണ് രണ്ടു പേർക്കു പരുക്കേറ്റത്. എത്രമാത്രം അശ്രദ്ധമായിയിരുന്നു ഡ്രൈവിങ് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. മോട്ടോർ വാഹന കേസുകളിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ കടുത്ത ശിക്ഷയ്ക്കു വിധേയമാക്കണമെന്ന മുൻ വിധികൾ കോടതി പ്രത്യേകം എടുത്തുപറഞ്ഞു. കുറ്റവും ശിക്ഷയും തമ്മിലുള്ള അനുപാതം കൃത്യമായി പാലിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.