ജക്കാർത്ത- ഇന്തോനേഷ്യയിൽ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര സംഘടിപ്പിച്ച് സൗദി മതകാര്യവകുപ്പ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പേരിൽ സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലത്തിന്റെ മേൽനോട്ടത്തിൽ ഇന്തോനേഷ്യയിലെ വിവിധ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലും സംഘടിപ്പിച്ചു വരുന്ന ഇഫ്താർ പാർട്ടികളുടെ ഭാഗമായാണ് വെസ്റ്റ് സുമാത്ര ദീപിലെ പത്താങ്ങ് നഗരത്തിൽ 1200 മീറ്റർ ദൈർഘ്യമുള്ള ഇഫ്താർ സുപ്രയൊരുക്കിയത്. നാൽപതോളം ഹോട്ടലുകൾ 400 ലധികം ജോലിക്കാരെ ഉൾപ്പെടുത്തിയായിരുന്നു സുപ്രയൊരുക്കിയത്.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നായി 8000 ഓളം പേർ നോമ്പു തുറക്കാനെത്തിയ പാർട്ടിയിൽ സുമാത്ര ഗവർണറും പങ്കെടുത്തിരുന്നു. ഇന്തോനേഷ്യയിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ ഇഫ്താർ സുപ്രയെന്ന നിലയിൽ ഇതിനു ഗിന്നസ് റെക്കോർഡിനു വേണ്ടി സർക്കാർ പരിശ്രമിക്കുകയാണെന്ന് ഗവർണർ അറിയിച്ചു. ഇന്തോനേഷ്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സൗദി ഭരണകർത്താക്കൾക്ക് നന്ദിയറിയിച്ച സുമാത്ര ഗവർണർ ഇരു രാജ്യങ്ങളും തമ്മിലെ സൗഹാർദം അരക്കിട്ടുറപ്പിക്കുന്നതിൽ ഇത്തരം പ്രോഗ്രാമുകൾ നിസ്ഥുലമായ പങ്കു വഹിക്കുന്നതായി അഭിപ്രായപ്പെട്ടു.