ജനീവ- അമേരിക്കയുടെ വിമര്‍ശനത്തിനും പിന്‍വാങ്ങുമെന്ന ഭീഷണിക്കും നടുവില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പുതിയ സെഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷമാണ് പൗരവാകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന കൗണ്‍സിലിനെതിരെ അമേരിക്ക എതിര്‍പ്പ് കടുപ്പിച്ചത്. ഇസ്രായിലിനെതിരെ കൗണ്‍സില്‍ സ്വീകരിക്കുന്ന നടപടികളാണ് ഈ എതിര്‍പ്പിന് ആധാരം.
തുടര്‍ച്ചയായ ഇസ്രായില്‍ വിരുദ്ധ സമീപനം അവസാനിപ്പിക്കാന്‍ അടിമുടി പരിഷ്‌കാരം ആവശ്യമാണെന്ന് ഒരു വര്‍ഷം മുമ്പ് യു.എന്‍ അംബാസഡര്‍ നിക്കി ഹാലി ജനീവ ആസ്ഥാനമായ കൗണ്‍സിലില്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 47 അംഗ കൗണ്‍സിലില്‍ ഊഴപ്രകാരം അധ്യക്ഷ പദവിയിലെത്താറുള്ള വെനിസ്വേല, ബുറുണ്ടി തുടങ്ങിയ രാജ്യങ്ങളെ പുറത്താക്കണമെന്ന ആവശ്യവും അമേരിക്ക ഉന്നയിച്ചിരുന്നു.
പരിഷ്‌കാരത്തിനു മുതിര്‍ന്നില്ലെങ്കില്‍ തങ്ങള്‍ പുറത്തുപോകുമെന്ന ഭീഷണി പുറപ്പെടുവിച്ചിട്ടും കൗണ്‍സില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല. തങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന കരട് പ്രമേയം ഏതാനും ആഴ്ച മുമ്പ് അമേരിക്ക അംഗരാഷ്ട്രങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. അംഗ രാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിക്കാത്തതിനാല്‍ കരടു പ്രമേയം ഔപചാരികമായി അവതരിപ്പിക്കാന്‍ അമേരിക്കക്കു സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് തന്നെ അമേരിക്ക വിട്ടുപോകുമെന്ന അഭ്യൂഹം ശക്തിപ്പെടുത്തിയിരിക്കുന്നത്.
അമേരിക്ക വിട്ടുപോയാല്‍ കൗണ്‍സിലില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എന്നിലെ സ്വിസ് അംബാസഡര്‍ വാലന്റിന്‍ സെല്‍വെഗര്‍ പറയുന്നു. കൗണ്‍സിലില്‍ ഒഴിവുവരുന്ന സീറ്റുകളിലെ രാഷ്ട്രങ്ങളെ എങ്ങനെ തെരഞ്ഞെടുക്കണമെന്നതുള്‍പ്പെടെ സമഗ്ര മാറ്റങ്ങളാണ് അമേരിക്ക രൂപം നല്‍കിയ പ്രമേയത്തിലുള്ളത്. ഒരു സീറ്റ് നേടുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്ന യു.എസ് നിര്‍ദേശം അവകാശ ലംഘനങ്ങള്‍ക്ക് ഗുരുതര ആരോപണം നേരിടുന്ന രാജ്യങ്ങളുടെ പുറത്തേക്കുള്ള പോക്ക് എളുപ്പമാക്കുന്നതുമാണ്.
ഇസ്രായിലിനോടുള്ള കൗണ്‍സിലിന്റെ സമീപനത്തെ ചൊല്ലിയാണ് അമേരിക്കയുടെ മുഖ്യ പരാതി. കൗണ്‍സിലിന്റെ എല്ലാ വാര്‍ഷിക സമ്മേളനങ്ങളിലും ഏഴാമത്തെ ഇനമായി ഇസ്രായിലിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ സ്വീകരിക്കുന്ന നടപടികളാണ് ഏഴാം ഇനത്തിലെ ചര്‍ച്ച.
പരിഷ്‌കരണങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഏഴാം ഇനം ഒഴിവാക്കുന്നതു പോലുള്ള രാഷ്ട്രീയ മാറ്റങ്ങളല്ലെന്ന് കൗണ്‍സില്‍ പ്രസിഡന്റ് സ്ലോവേനിയന്‍ അംബസാഡര്‍ വോജിസ്ലാവ് സക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യുക്തിഭദ്രമാക്കുന്നതിനുള്ള മാറ്റങ്ങള്‍ മാത്രമാണ് പരിഗണനയിലുള്ളത്.
കൗണ്‍സില്‍ അടിമുടി പരിഷ്‌കരിക്കണമെന്ന് അമേരിക്ക മാത്രമല്ല ആവശ്യപ്പെടുന്നത്. അമേരിക്ക കൂടി സമ്മതിക്കുന്ന തരത്തിലുള്ള ഒരു ഒത്തുതീര്‍പ്പിലേക്ക് കൗണ്‍സില്‍ ആറു മാസം മുമ്പ് പോയിരുന്നു. ഏഴാം ഇനം ഉള്‍പ്പെടെയുള്ള കൗണ്‍സിലിന്റെ സ്ഥിരം അജണ്ട വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചക്കെടുത്താല്‍ മതിയെന്ന ഒത്തുതീര്‍പ്പാണ് ജനീവയില്‍ കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന 120 രാഷ്ട്രങ്ങളുടെ യോഗം പരിഗണിച്ചത്.
ഈ ഒത്തുതീര്‍പ്പ് നിര്‍ദേശത്തില്‍ അമേരിക്ക സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇസ്രായില്‍ നടപടികളുടെ പരിശോധന വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനാലാണ് ഈ നിര്‍ദേശം അമേരിക്ക അംഗീകരിച്ചതെന്ന് യൂനിവേഴ്‌സല്‍ റൈറ്റ്‌സ് ഗ്രൂപ്പ് മേധാവി മാര്‍ക് ലിമാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ പൊതു നിലപാട് സ്വീകരിക്കാന്‍ കഴിയാതെ വന്നതിനാലാണ് ഒത്തുതിര്‍പ്പ് പ്രാബല്യത്തില്‍ വരാതെ പോയത്. ഇതിനു പിന്നാലെയാണ് നിരാശ പ്രകടപ്പിച്ച അമേരിക്ക പരിഷ്‌കരണങ്ങള്‍ സ്വന്തം നിലയില്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സിലിന്റെ വാതിലടക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് ജനീവയിലെ നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നത്.
2006 ല്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് രൂപം നല്‍കിയപ്പോള്‍ അതില്‍ ചേരാന്‍ അമേരിക്ക വിസമ്മതിച്ചിരുന്നു. ജോര്‍ജ് ഡബ്ല്യൂ ബുഷ് യു.എസ് പ്രസിഡന്റായിരിക്കേ ജോണ്‍ ബോള്‍ട്ടണായിരുന്നു യു.എന്നിലെ യു.എസ് അംബാസഡര്‍. 2009 ല്‍ ബരാക്ക് ഒബാമ അധികരത്തില്‍ വന്ന ശേഷമാണ് അമേരിക്ക കൗണ്‍സിലില്‍ ചേര്‍ന്നത്. അമേരിക്ക പിന്‍വാങ്ങുകയാണെങ്കില്‍ സഖ്യരാഷ്ട്രമായ ഇസ്രായിലിനായിരിക്കും ഏറ്റവും വലിയ നഷ്ടം.
അമേരിക്ക കൗണ്‍സിലില്‍ ചേരുന്നതിനു മുമ്പാണ് ഇസ്രായില്‍ നടപടികള്‍ പരിശോധിക്കുന്ന ഏഴാം ഇനം അംഗീകരിച്ചിരുന്നത്. അമേരിക്ക ചേര്‍ന്നതിനുശേഷം ഇസ്രായിലിനെതിരെ പാസാക്കുന്ന പ്രമേയങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.
അമേരിക്കയുടെ അഭാവത്തില്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ അജണ്ടയുമായി മുന്നോട്ടു വരുമെന്നും സിവില്‍ സമൂഹത്തെ കൗണ്‍സിലില്‍നിന്ന് പുറന്തളളുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ് ലൂയിസ് ചാര്‍ബൊണേയും അഭിപ്രായപ്പെടുന്നു. കൗണ്‍സിലിന്റെ പ്രക്രിയ അവര്‍ ഹൈജാക്ക് ചെയ്യുമെന്നും യു.എസിന് അതു തടയാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.