ഗുവാഹത്തി- സിക്കിമിലെ നാഥു ലാ പർവത ചുരത്തിന് സമീപം ഇന്ന് ഉണ്ടായ വൻ ഹിമപാതത്തിൽ ഒരു കുട്ടിയും സ്ത്രീയുമുൾപ്പെടെ ഏഴ് പേർ മരിച്ചു, നിരവധി പേർ മഞ്ഞിനടിയിൽ കുടുങ്ങി കിടക്കുകയാണ്. വൈകുന്നേരം നാലു മണിവരെ 23 വിനോദസഞ്ചാരികളെ ഇവിടെനിന്നും രക്ഷിച്ചു. രക്ഷപ്പെടുത്തിയവരെ ഇന്ത്യൻ സൈന്യത്തിന്റെ അടുത്തുള്ള മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഏകദേശം 56 വാഹനങ്ങളും 20-30 വിനോദസഞ്ചാരികളും നാഥു ലായിലേക്കുള്ള വഴിയിൽ മഞ്ഞിനടിയിൽ കുടുങ്ങിയതായി സൈന്യം പറഞ്ഞു.
ഗാംഗ്‌ടോക്കിനെ നാഥുലായുമായി ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു റോഡിലെ 15ാം മൈലിൽ രാവിലെ 11.10-നാണ് ഹിമപാതം ഉണ്ടായത്. 150 വിനോദസഞ്ചാരികളെങ്കിലും ഈ സ്ഥലത്ത് ഹിമപാതമുണ്ടാകുമ്പോൾ ഉണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ (14,140 അടി) ഉയരത്തിലുള്ള നാഥു ലാ പാസ്, ചൈനയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പ്രദേശത്ത് നിരവധി പേർ രക്ഷാപ്രവർത്തനം തുടരുകയാണ്.