ഹൈദരാബാദ്- ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവാവിനെ കാറില്‍ ജീവനോടെ ചുട്ടുകൊന്നു. ഭര്‍തൃമതിയായ യുവതിയുമായുള്ള ഇളയ സഹോദരന്റെ ബന്ധത്തിന്റെ പേരിലാണ് നാഗരാജു (35) എന്നയാള്‍ കൊല്ലപ്പെട്ടത്. കോണസീമ ജില്ലയിലാണ് നാഗരാജുവും സഹോദരന്‍ പുരുഷോത്തമും താമസിച്ചിരുന്നത്. റിപുഞ്ജയ എന്ന യുവതിയും ഇതേ സ്ഥലത്ത് തന്നെയാണ് താമസിച്ചിരുന്നത്. പുരുഷോത്തമും റിപുഞ്ജയയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ പുരുഷോത്തമുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നു. ഈ പ്രശ്‌നം ഒത്തുതീര്‍പ്പാക്കണം എന്ന് പറഞ്ഞാണ് ഇവര്‍ നാഗരാജുവിനെ വിളിച്ച് വരുത്തിയത്. ശേഷം നാഗരാജുവിനെ ഇവര്‍ കാറില്‍ കയറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ നാഗരാജുവിനെ ഇവര്‍ കാറിനുള്ളില്‍ കയറുകൊണ്ട് ബന്ധിച്ചു. പിന്നീട് കാറിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കാര്‍ കുഴിയിലേയ്ക്ക് തള്ളിയിട്ട് അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ പാറക്കല്ലില്‍ തട്ടി നിന്നു.വഴിയാത്രക്കാരാണ് കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ നാഗരാജു മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്തതായും പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.