Sorry, you need to enable JavaScript to visit this website.

പണമില്ല; ജീവനക്കാര്‍ ഹോട്ടല്‍ മുറികള്‍ പങ്കിടണമെന്ന് എയര്‍ ഇന്ത്യ 

ന്യൂദല്‍ഹി- കടക്കെണിയിലായ എയര്‍ ഇന്ത്യ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മുറികള്‍ ഷെയര്‍ ചെയ്യാന്‍ വിമാന ജോലിക്കാരോട് ആവശ്യെപ്പട്ടു. എയര്‍ ഹോസ്റ്റസുമാരടക്കമുള്ളവര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പകരം മൂന്ന്, നാല് നക്ഷത്ര ഹോട്ടലുകള്‍ ഉപയോഗിക്കണം. ഈ നീക്കത്തിലൂടെ വര്‍ഷം 10 കോടി രൂപ ലഭിക്കാനാകുമെന്ന് എയര്‍ ഇന്ത്യ കണക്കുകൂട്ടുന്നു. അതേസമയം ഈ നീക്കത്തിനെതിരെ യൂനിയനുകള്‍ രംഗത്തുവന്നുകഴിഞ്ഞു. 
വനിതാ ജീവനക്കാരോട് പുരുഷ ജീവനക്കാരോടൊപ്പം മുറി പങ്കിടാന്‍ ആവശ്യപ്പെടില്ല. കഴിഞ്ഞ വര്‍ഷം ജോലിക്കു ചേര്‍ന്നവരോടാണ് ഇപ്പോള്‍ മുറികള്‍ ഷെയര്‍ ചെയ്യാനാവശ്യപ്പെടുക. ക്രമേണ എല്ലാ ജോലിക്കാര്‍ക്കും ബാധകമാക്കും. 3000 വിമാന ജോലിക്കാരാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 1400 പേര്‍ സ്ഥിരം ജീവനക്കാരാണ്. ബാക്കിയുള്ളവര്‍ കരാറടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നതെന്ന് ഒരു യൂനിയന്‍ നേതാവ് പറഞ്ഞു. കാബിന്‍ ജോലിക്കാരുടെ ഹോട്ടല്‍ ചെലവിനായി വര്‍ഷം എത്ര തുകയാണ് ചെലവാക്കുന്നതെന്ന് എയര്‍ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. 

Latest News