Sorry, you need to enable JavaScript to visit this website.

ചെയ്യാത്ത കുറ്റാരോപണം; വേദനിപ്പിക്കുന്ന ഓർമ്മകളുമായി മുഹമ്മദ് ഇസ്മായിൽ ഖമീസിൽനിന്ന് നാട്ടിലേക്ക്

ഖമീസ് മുഷൈത്ത്- മുപ്പത്തിരണ്ട് വർഷത്തെ പ്രവാസം മുഹമ്മദ് ഇസ്മായിലിന് നൽകിയത്  വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രം. എല്ലാം അവസാനിപ്പിച്ച് മുഹമ്മദ് ഇസ്മായിൽ ഇനി നാട്ടിലേക്ക്. മാംഗ്ലൂർ മുഹമ്മദ് ഇസ്മയിൽ കണ്ണംകരയാണ് ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി നാട്ടിലേക്ക് മടങ്ങുന്നത്. 
പത്ത് വർഷമായി ഗൾഫ് കാറ്ററിങ്ങ് കമ്പനി ജീവനക്കാരനാണ് ഇസ്മയിൽ. കാലത്ത് അഞ്ച് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജോലി സമയം. കുടുംബ പ്രാരാബ്ധം കാരണം കിട്ടുന്ന ശമ്പളം ഒന്നിനും തികഞ്ഞിരുന്നില്ല. കമ്പനി ജോലി കഴിഞ്ഞും എന്തെങ്കിലും പാർട്ട്‌ടൈം ജോലി ലഭിക്കുമോ എന്ന അന്വേഷണം കൊണ്ടെത്തിച്ചത് ആൾതാമസമില്ലാത്ത വീട്ടിലെ ചെടികളും മറ്റും പരിപാലിക്കുന്ന ചുമതല ലഭിച്ചത്. ഈ വീട്ടുടമ ദമാമിലാണ്.  ചെടികൾ കൃത്യമായ് സംരക്ഷിക്കുക എന്നതാണ് ജോലി. മാസത്തിൽ നാല് ദിവസം മാത്രമേ ഇവിടം ചെന്ന് വെള്ളവും വളവും മറ്റും നൽകേണ്ടതുള്ളു. ജോലി ആരംഭിച്ച്  രണ്ടാം തവണ ചെന്നപ്പോൾ സി.സി.ടി.വി ക്യാമറയും  മറ്റും പൊട്ടി കിടക്കുന്നു. വാതിലുകളും മറ്റും തകർത്ത് മോഷ്ടാവ് കയറിയതായി മനസ്സിലായി. ഉടനെ ഉടമയെ അറിയിച്ചു. ബന്ധുക്കൾക്ക് എത്തുന്നത് വരെ കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. അവർ എത്തിയപ്പോൾ കാര്യങ്ങൾ വിശദീകരിച്ച് കൈയിൽ ഉണ്ടായിരുന്ന ചാവി അവർക്ക് കൈമാറി മടങ്ങി. ടി.വിയും ഗ്യാസുമടക്കം ഏതാനും വസ്തുവകകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പതിവുപോലെ പിറ്റേ ദിവസം തന്റെ ജോലിക്ക് പോയി. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നറിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് ചെന്ന് ഉണ്ടായ സംഭവം ബോധിപ്പിച്ചു. എന്നാൽ  പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് മൂന്ന് മാസത്തോളം പോലീസ് സ്റ്റേഷനിലും ജയിലുമായി കഴിഞ്ഞു. ശേഷം കോടതിയിൽ ഹാജറാക്കിയ ഇസ്മയിലിനെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതേ വിട്ടു. നടപടികൾ പൂർത്തിയാകുന്നത് വരെ സ്വദേശി പൗരൻ മുഹമ്മദ് സൈദ് അൽമറായ് യുടെ ജാമ്യത്തിൽ ജയിൽ മോചിതനാവുകയായിരുന്നു. പിടിയിലായ ഉടനേ താൻ നിരപരാധിയാണെന്നും പറ്റുന്ന സഹായം ചെയ്യണമെന്നും സാമൂഹ്യ പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ മെമ്പറുമായ ഹനീഫ മഞ്ചേശ്വരത്തെ അറിയിച്ചു.  ആവശ്യമായ എല്ലാ സഹായവുമായി അദ്ദേഹം കൂടെ ഉണ്ടായിരുന്നു. നിരപരാധിയെന്ന് കണ്ട് കോടതി വെറുതേ വിട്ടതിന്റെ ആശ്വാസത്തിലാണ് ഇദ്ദേഹം.
മുൻപ് അൽ ബഹയിലായിരുന്നു ജോലി. ഖമീസ് മുശൈത്തിനടുത്ത് വാദിയാൻ ബ്രാഞ്ചിലേക്ക് മാറിയിട്ട് നാല് മാസമേ ആകുന്നുള്ളു. സൗദിയിൽ മുപ്പത്തിരണ്ട് വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം പത്ത് വർഷമായി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്. ജീവിതച്ചിലവ് താങ്ങാനാവാതെ ഉള്ള ജോലിക്ക് പുറമെ മറ്റൊരു വരുമാനം തേടിയ തനിക്ക് ഇത്തരം ഒരു ദുരനുഭവം സംഭവിക്കുമെന്ന് കരുതിയില്ലെന്നും കോടതിയുടെ കനിവിലും വിധിയിലും കോടതിയോടും നാഥനോടും നന്ദി പറയുന്നതായും ഇദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു. കമ്പനി ആനുകൂല്യങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഉടൻ നാട്ടിലേയ്ക്ക് മടങ്ങാനാണ് തീരുമാനം.

 

Latest News