ഡൽഹി / കോഴിക്കോട് / കണ്ണൂർ - കോഴിക്കോട്ടെ ട്രെയിൻ തീവെപ്പ് കേസിൽ ഒരാളെ ഉത്തർ പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പ്രതിയെന്ന് സംശയിക്കുന്ന 25-കാരനെ ബുലന്ദ്ശഹറിൽ നിന്ന് യു.പി തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. എന്നാൽ കസ്റ്റഡി കാര്യം ആർ.പി.എഫ് സ്ഥിരീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിലുള്ള കേരള പോലീസ് അന്വേഷണ സംഘം സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ കേസിൽ യു.പിയിലെ നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി എന്നയാളെയാണ് പ്രതിയെന്ന് കേരള പോലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. 31ന് ഹരിയാനയിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോൺ ഓഫായത്. ഇപ്പോൾ പിടിയിലായ വ്യക്തി ഹരിയാനയിൽ പോയിരുന്നോ എന്ന് സ്ഥിരീകരിച്ചാൽ മാത്രമേ പ്രതിയെയാണോ പിടികൂടിയതെന്നു തീർത്ത് പറയാനാവൂ എന്നാണ് പറയുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ണൂരിലെത്തി. കൊച്ചി, ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. തീവെപ്പുണ്ടായ ഡി വൺ, തൊട്ടടുത്ത ഡി ട്ടു ബോഗി എന്നിവ സംഘം പരിശോധിച്ചു. ആർ.പി.എഫ് സതേൺ റെയിൽവേ സോണൽ ഐ.ജി ജി.എം ഈശ്വര റാവുവും ബോഗിയും മറ്റും പരിശോധിച്ച് തെളിവെടുപ്പ് നടത്തി. സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണ്.
ഇന്നലെ കേരള പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനിടയിലാണ് യു.പിയിൽ നിന്ന് പ്രതി കസ്റ്റഡിയിലായെന്ന വിവരമുണ്ടായത്. ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.