കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടു പേരെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. യു പി യിലെ ബുലന്ദ്ശഹറില്‍ നിന്നും മോദി നഗറില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ആസ്ഥാനത്തേക്ക് കൈമാറിയിരുന്നു. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ സേന ഡി വൈ എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡി വൈ എസ്.പി വി.വി.ബെന്നി എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.