പാലക്കാട് - മലയാളി മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതി ഇന്ന് വിധി പറയും. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് വിധി പ്രഖ്യാപിക്കുക. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 നു പൂര്‍ത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആദിവാസിയായ അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മധു(30) കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു ബന്ധുക്കളില്‍ നിന്നകന്ന് കാട്ടിലെ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രദേശവാസികളായ പ്രതികള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.