ചിക്കാഗോ- തെലുങ്കിലെ യുവനടികളെ സാംസ്‌കാരിക പരിപാടികൾക്കെന്ന പേരിൽ യുഎസിലെത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവയ്ക്കുന്ന തെലുങ്ക് സിനിമാ നിർമ്മാതാവിനേയും ഭാര്യയേയും ചിക്കാഗോയിൽ യുഎസ് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെത്തിക്കുന്ന നടിമാരെ ഇവർ നിർബന്ധിച്ച് പെൺവാണിഭത്തിനിരയാക്കിവരികയായിരുന്നു. 34കാരനായ മൊഡുഗുമിഡി കിശൻ, ഭാര്യ ചന്ദ്ര എന്നിവരാണ് പിടിയിലായത്. ഏപ്രിലിൽ പോലീസിന്റെ വലയിലായ ഇവരുടെ അറസ്റ്റ് വിവരം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ബുധനാഴ്ചയാണ് ചിക്കാഗോയിലെ മാധ്യമങ്ങൾ പുറത്തു വിട്ടത്.
ഇവരുടെ ക്ഷണം സ്വീകരിച്ച് ചിക്കാഗോയിലേക്ക് വരികയായിരുന്ന മൂന്ന് തെലുങ്ക് നടിമാരെ വിമാനത്താവളത്തിൽ യുഎസ് അധികൃതർ തടഞ്ഞതായും റിപ്പോർട്ടുണ്ട്്. ഈ നടിമാരുടെ മൊബൈൽ നമ്പർ പിടിയിലായ കിശന്റെ പക്കലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്്. യുഎസിലെ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് ദമ്പതികൾ നടിമാരെ യുഎസിലേക്ക് ക്ഷണിച്ചു വരുത്തിയിരുന്നത്.
യുഎസിലെത്തിച്ച ശേഷം ഇടപാടുകാർക്കു വഴങ്ങാൻ നടിമാരെ ഇവർ നിർബന്ധിക്കും. ഒരു തവണ നടിമാരുമായി കിടപ്പറ പങ്കിടുന്നതിന് 3,000 ഡോളർ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. ചിക്കാഗോയിലെ ക്രേഗിനിൽ ഇരുനില അപ്പാർട്ട്‌മെന്റിലാണ് നടിമാരെ പാർപ്പിക്കുന്നത്. താൽക്കാലിക വിസയിൽ യുഎസിലെത്തിക്കുന്ന നടിമാരെ ഇവർ ആവശ്യക്കാർക്കായി ഡാളസ്, ന്യൂജഴ്‌സി, വാഷിങ്ടൺ എന്നിവിടങ്ങളിലെ ഹോട്ടലുകളിലെത്തിച്ചു കൊടുക്കുന്നതായിരുന്നു പ്രവർത്തന രീതി.
കിശന്റെ സെക്‌സ് റാക്കറ്റിൽ പെട്ടുപോയ നടിമാരിൽ ഒരാളെ ഭീഷണിപ്പെടുത്തിയതാണ് കിശന്റെ പെൺവാണിഭം പുറത്തറിയാനിടയാക്കിയത്. യുഎസിൽ ചെയ്ത കാര്യങ്ങൾ പോലീസിനോട് പറഞ്ഞാൽ പ്രത്യാഘാതമുണ്ടാകുമെന്ന് നടിമാരിൽ ഒരാളെ കിശൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കിശന്റെ പ്രവർത്തനം പോലീസിന്റെ കണ്ണിലുടക്കിയത്.