മുംബൈ-മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ (എന്‍ എം എ സി സി) ഉദ്ഘാടന ചടങ്ങില്‍ സിനിമാ മേഖല ഒന്നടങ്കം പറന്നെത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയാണ്. എന്നാലിപ്പോള്‍ പരിപാടിയുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കൂടി ചര്‍ച്ചയാവുന്നുണ്ട്. അംബാനികള്‍ അതിഥികള്‍ക്ക് വിളമ്പിയ ഭക്ഷണം.
വലിയ വെള്ളി തളികകളിലായിരുന്നു അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയത്. തളികയില്‍ നിറയെ ചെറിയ പാത്രങ്ങള്‍ ഒരുക്കി വച്ചിട്ടുണ്ട്. ഇതില്‍ റൊട്ടി, ദാല്‍, പാലക് പനീര്‍, കറി, ഹല്‍വ, ഡെസേര്‍ട്ട്, പാപ്പഡ്, ലഡ്ഡൂ അടക്കം അനേകം ഇന്ത്യന്‍ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം വൈനും വിളമ്പിയിരുന്നു.
ഇതില്‍ ഒരു വിഭവമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചെറിയ പാത്രത്തില്‍ വച്ചിരിക്കുന്ന മധുരവിഭവത്തിനൊപ്പം അഞ്ഞൂറ് രൂപയുടെ നോട്ടുകളും വച്ചിരിക്കുന്നു. വടക്കേ ഇന്ത്യന്‍ വിഭവമായ 'ദോലത്ത് കി ചാട്ട്' ആണ് ഇത്തരത്തില്‍ പ്രത്യേകമായി വിളമ്പിയത്. എന്നാല്‍ വിഭവത്തിനൊപ്പം വച്ചിരുന്നത് യഥാര്‍ത്ഥ നോട്ട് അല്ലായിരുന്നു.
മാര്‍ച്ച് 31നായിരുന്നു എന്‍ എം എ സി സിയുടെ ഉദ്ഘാടനം നടന്നത്. രണ്ടുദിവസമായിട്ടായിരുന്നു ചടങ്ങ് നടത്തിയത്. തന്റെ സ്വപ്ന പദ്ധതിയായ എന്‍ എം എ സി സിയിലൂടെ ഇന്ത്യന്‍ കലാരൂപങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് നിത അംബാനി ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെന്‍ഡായ, ഗിഗി ഹദീദ് തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, റണ്‍വീര്‍ സിംഗ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ദീപിക പദുക്കോണ്‍, ഗൗരി ഖാന്‍, കിയാര അദ്വാനി, കജോള്‍, കരീന കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.