കണ്ണൂര്‍-എലത്തൂരില്‍ ട്രെയിന്‍ ആക്രമിക്കപ്പെട്ടത് ആസൂത്രിത ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ സമാധാനം തകര്‍ക്കല്‍ ആണ് ലക്ഷ്യമെന്നും ഇതിന്റെ അടിവേര് കണ്ടെത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
പ്രഥമദൃഷ്ട്യാ ആസൂത്രിതമായ ഭീകരാക്രമണമായിട്ടാണ് തോന്നുന്നത്. സര്‍ക്കാര്‍ എല്ലാം സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കുറ്റവാളികളെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചു വരികയാണ്. എല്ലാ രംഗങ്ങളിലും ജാഗ്രതയുണ്ടാകണം. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടക്കാന്‍ യാതൊരു വിധ സാദ്ധ്യതയുമില്ല. അതുകൊണ്ടു തന്നെ ഇതിന്റെ വേര് എവിടെവരെയുണ്ട്, ഇതിന്റെ പിന്നില്‍ ഉള്ള കാര്യങ്ങളെന്തെല്ലാം എന്നിങ്ങനെ അടുത്തദിവസങ്ങളില്‍ മനസിലാക്കാന്‍ കഴിയും എന്നാണ് കരുതുന്നത്. തീവണ്ടിക്ക് തീകൊടുക്കുക എന്ന ഭീകരപ്രവര്‍ത്തനം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.