Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിസിറ്റ് വിസ കാലാവധി ലംഘിച്ചാല്‍ സ്‌പോണ്‍സറും നാടുവിടേണ്ടിവരും

ജിദ്ദ- വിസിറ്റ് വിസയിലെത്തിയ കുടുംബാംഗങ്ങളെ യഥാസമയം തിരിച്ചയക്കുകയോ വിസ നീട്ടുകയോ ചെയ്യാത്തതുമൂലം നിരവധി മലയാളികള്‍ പ്രതിസന്ധിയില്‍. വിസ കാലാവധിക്കുശേഷവും താമസിച്ചതിനുള്ള പിഴയടച്ച് തര്‍ഹീല്‍ വഴി ഇവരെ നാട്ടിലയക്കണമെങ്കില്‍ വിസയെടുത്ത സ്‌പോണ്‍സറും ഫൈനല്‍ എക്‌സിറ്റില്‍ പോകണമെന്നാണ് ജവാസാത്തിനെ സമീപിക്കുന്നവരോട് ആവശ്യപ്പെടുന്നത്. മൂന്നു വര്‍ഷത്തെ പ്രവേശന നിരോധമാണ് ഇതുമൂലം നേരിടേണ്ടി വരിക.
വാദിദവാസിറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ജവാസാത്തിനെ സമീപിച്ചപ്പോള്‍ സ്‌പോണ്‍സറെ കൂടി നാടുകടത്തുമെന്ന മറുപടിയാണ് ലഭിച്ചത്. ബഖാലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ ജവസാത്ത് ഓഫീസറെ സമീപിച്ച് വിസിറ്റ് വിസയിലെത്തിയവര്‍ പത്ത് ദിവസം അധികം താമസിക്കാനിടയായതിന്റെ കാരണം ബോധിപ്പിച്ചെങ്കിലും വിട്ടുവീഴ്ചയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
വിവിധ വിസകളിലെത്തുന്നവര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിസാ കാലാവധി അവസാനിക്കുന്നതിനുമുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങണമെന്നും ജവാസാത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെടാറുണ്ട്. നിയമലംഘകര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുണ്ടായിട്ടും പലരും യഥാസമയം ഫാമലിയെ തിരിച്ചയക്കുന്നതിലും വിസ നീട്ടുന്നതിലും ശ്രദ്ധിക്കുന്നില്ല. ഓരോ തവണ വിസ ചട്ടം ലംഘിച്ച് താമസിക്കുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ നല്‍കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് മഹാമാരി കാലത്ത് സൗദി അറേബ്യ വിസ കാലാവധിക്കുശേഷവും തങ്ങിയവരോട് ഔദാര്യം കാണിക്കുകയും പിഴ തുക കുറയ്ക്കുകയും ചെയ്തിരുന്നു.
കാലാവധി കഴിഞ്ഞാലും ഓണ്‍ലൈനില്‍ അല്ലാതെ ജവാസാത്തിനെ നേരിട്ട് സമീപിച്ചാല്‍ വിസ നീട്ടിക്കിട്ടുമെന്ന വിശ്വാസമായിരുന്നു പലര്‍ക്കും. വിസയെടുത്ത സ്‌പോണ്‍സര്‍ കൂടി നാടുവിടേണ്ടി വരുമെന്ന് ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കുടുംബത്തെ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ വഴി നാട്ടിലയക്കാന്‍ സമീപിക്കുന്നവരോട് കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്.
വിസിറ്റ് വിസയിലെത്തിയവരുടെ പാസ്‌പോര്‍ട്ട്, സ്‌പോണ്‍സറുടെ ഒറിജിനല്‍ ഇഖാമ, ജവാസാത്തിലേക്ക് പൂരിപ്പിച്ച ഫോം, വിസിറ്റ് വിസയിലെത്തിയവരുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായിരുന്നെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജവാസാത്തിനെ സമീപിച്ചല്‍ വിസ നിയമലംഘകരെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ സാധിച്ചിരുന്നു. ജവാസാത്തിലെ ഫാമിലി കാര്യങ്ങള്‍ക്കുള്ള ഓഫീസ് സന്ദര്‍ശിച്ചാല്‍ അപേക്ഷാ ഫോമിനു മുകളില്‍ തര്‍ഹീല്‍ എന്ന സ്റ്റാമ്പ് പതിക്കുകയാണ് രീതി. വിസിറ്റ് വിസയില്‍ എത്തിയവരുമായി നാടുകടത്തല്‍ കേന്ദ്രത്തിലെത്തി അവരുടെ വിരലടയാളമെടുത്ത ശേഷം പാസ്‌പോര്‍ട്ടില്‍ സീല്‍ പതിക്കുകയാണ് ചെയ്തിരുന്നത്. ഇതിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ മൂന്നു മതുല്‍ ഏഴു ദിവസംവരെയാണ് സമയം.
ഈ രീതി പ്രതീക്ഷിച്ച് ജവാസാത്തിനെ സമീപിക്കുന്നവരെയാണ് വിസിറ്റ് വിസയെടുത്ത സ്‌പോണ്‍സറെ കൂടി നാടുകടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. കൂടുതല്‍ വ്യക്തതക്കായി ഓണ്‍ലൈനില്‍ അന്വേഷിക്കുന്നവര്‍ക്ക് ജവാസാത്തിലെ ബന്ധപ്പെട്ട ഓഫീസിനെ സമീപിക്കണമെന്ന മറുപടിയാണ് ജവാസാത്തില്‍നിന്ന് ലഭിക്കുന്നത്.
സ്‌പോണ്‍സറെ നാടുകടത്തുന്ന ശിക്ഷയില്‍നിന്ന് ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് പ്രതിസന്ധിയിലായവര്‍. പലവിധ ബാധ്യതകള്‍ കാരണം ഇപ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകാന്‍ കഴിയില്ലെന്നും അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍കഴിയുകയാണെന്നും കോഴിക്കോട് സ്വദേശി മലയാളം ന്യൂസിനോട് പറഞ്ഞു. കാലാവധി കഴിഞ്ഞ വിസകള്‍ ഒരു കാരണവശാലും നിലവില്‍ പുതുക്കി നല്‍കുന്നില്ലെന്ന് മലയാളം ന്യൂസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുക്കി നല്‍കാന്‍ കഴിയുമെന്ന് പറയുന്നവരുടെ തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News