സഞ്ജയ് റാവത്തിന് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍

മുംബൈ- ശിവസേന ഉദ്ധവ് പക്ഷ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്തിന് വധഭീഷണി സന്ദേശം അയച്ച പൂനെയിലെ ഹോട്ടലുടമ പോലീസ് പിടിയില്‍. നിങ്ങള്‍ ഹിന്ദു വിരുദ്ധനാണെന്നും ദല്‍ഹിയില്‍ വരൂ സിദ്ദു മൂസെവാലയെപ്പോലെ എ. കെ 47 തോക്കുകൊണ്ട് വധിക്കുമെന്നുമായിരുന്നു സന്ദേശം. ഹോട്ടലുടമ രാഹുല്‍ തലേക്കറാണ് സംഭവത്തില്‍ അറസ്റ്റിലായത്. 

തീഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിക്കു വേണ്ടിയാണ് സന്ദേശം അയക്കുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. 

എന്നാല്‍ മദ്യലഹരിയിലാണ് ഭീഷണി സന്ദേശം അയച്ചതെന്നും രണ്ടു തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനാലാണ് സന്ദേശം അയച്ചതെന്നുമാണ് രാഹുല്‍ തലേക്കര്‍ പോലീസിന് മൊഴി നല്‍കിയത്. ലോറന്‍സ് ബിഷ്‌ണോയിയുമായി രാഹുല്‍ തലേക്കര്‍ക്ക് ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Latest News