കോയമ്പത്തൂര്‍- കോയമ്പത്തൂര്‍ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി വടവള്ളി തിരുവള്ളുവര്‍ നഗറില്‍ ഷര്‍മിള (24). അഞ്ചു വര്‍ഷമായി ഡ്രൈവിംഗ് രംഗത്തുള്ള ഷര്‍മിള ആദ്യ സര്‍വീസ് വെള്ളിയാഴ്ച തുടങ്ങി. 12 സിംഗിള്‍ സര്‍വീസ് പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു ഈ മലയാളി പെണ്‍കുട്ടി.
ഷൊര്‍ണൂര്‍ കുളപ്പുള്ളി മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി-മുരുകേശന്‍ ദമ്പതികളുടെ മകളായ ഹേമയുടെ മകളാണ് ഷര്‍മിള. മലയാളം അത്യാവശ്യം അറിയാം. ഡ്രൈവറായ അച്ഛന്‍ മഹേഷിന്റെ പാത പിന്തുടര്‍ന്നാണു മകളും വളയം പിടിക്കാന്‍ എത്തിയതെന്ന് അമ്മ ഹേമ പറഞ്ഞു.
ഫാര്‍മസിയില്‍ ഡിപ്ലോമ ബിരുദം നേടി അച്ഛന്റെ കൂടെ കൂടിയപ്പോള്‍ തുടങ്ങിയതാണ് ഹെവി വെഹിക്കിള്‍ ലൈസന്‍സ് വേണമെന്നുള്ള ആഗ്രഹം. ഇതിനിടെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാനായി കയറി. കേരളത്തില്‍നിന്നുള്ള തൃശൂര്‍ സ്വദേശിനി ടാങ്കര്‍ ലോറി ഓടിക്കുന്ന വാര്‍ത്ത കണ്ടപ്പോള്‍ കൂടുതല്‍ പ്രചോദനമായി. ലൈസന്‍സ് കിട്ടിയ ശേഷം സ്വകാര്യ ബസ് കമ്പനികളില്‍ ശ്രമിച്ചെങ്കിലും സ്ത്രീയായതിനാല്‍ പിന്നീട് വിളിക്കാമെന്നു പറഞ്ഞു പലരും ഒഴിവാക്കി. ഷര്‍മിളയുടെ ആഗ്രഹമറിഞ്ഞ് നേരിട്ട് വിളിച്ച് അവസരം നല്‍കിയത് കോയമ്പത്തൂരില്‍ നൂറോളം ബസുകള്‍ ഉള്ള വി.വി. ബസ്സുടമ ദുരൈ കണ്ണനാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി 11.30 വരെ ഓടിക്കണം. സര്‍ക്കാര്‍ ബസ് ഓടിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ഷര്‍മിള പറഞ്ഞു.