കൊച്ചി-ആർ.എസ്.എസ് അനുകൂല മാധ്യമപ്രവർത്തക സുജയ പാർവ്വതി ട്വന്റിഫോർ ന്യൂസിൽനിന്ന് രാജിവെച്ചു. സഹപ്രവർത്തകനെതിരെ വ്യാജ പരാതി നൽകിയതിന്റെ പേരിൽ ചാനലിൽനിന്ന് സസ്‌പെന്റ് ചെയ്ത സുജയയെ പിന്നീട് തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ രാജിവെച്ചത്. തിരിച്ചെടുത്ത ഉടൻ രാജിവെക്കണമെന്ന നിർദ്ദേശത്തോടെയാണ് ഇവരെ ട്വന്റിഫോറിലേക്ക് തിരിച്ചെടുത്തത്. പുറത്താക്കി എന്ന പേരുദോഷം ഒഴിവാക്കാനായിരുന്നു ഇത്. ഇതനുസരിച്ച് ജോയിൻ ചെയ്ത ഉടൻ രാജിവെക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ട്വന്റിഫോർ ന്യൂസിലേക്ക് തിരിച്ചെടുത്ത സുജയ ഉടൻ രാജിവെക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതേസമയം, സുജയക്ക് നേരത്തെ നൽകിയിരുന്ന പിന്തുണ ആവർത്തിക്കുകയാണ് സംഘ്പരിവാർ. അതേസമയം, ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലാണ് സുജയ മുന്നോട്ടുപോകുന്നത്. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇവര്‍ പ്രവര്‍ത്തിക്കും.
സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വേദിയിൽ പങ്കെടുത്ത് സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് സുജയ പാർവതിയെ മൂന്നാഴ്ച മുമ്പ് പുറത്താക്കിയത്. പുറത്താക്കുമ്പോൾ 24 ന്യൂസിന്റെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരുന്നു സുജയ പാർവതി. ബി.എം.എസ് പരിപാടിയിൽ പങ്കെടുത്താൽ സംഘിയാവുമെങ്കിൽ താൻ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകൾ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയായ സമയത്ത് റിപ്പോർട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടിതില്ല എന്നതായിരുന്നു തന്റെ വ്യക്തിപരമായ നിലപാടെന്നും അതുകൊണ്ട് തന്നെ തൊഴിലിടത്തിൽ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സുജയ പറഞ്ഞിരുന്നു.
പക്ഷെ അതെന്റെ നിലപാടാണ്. എന്റെ വിശ്വാസമാണ്. വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങൾ വേണ്ട എന്ന് തീരുമാനത്തിലാണ് കഴിഞ്ഞ 16 വർഷവും ഞാൻ ജോലി ചെയ്തതെന്നും സുജയ പറഞ്ഞു. ഏത് കോർപ്പറേറ്റ് സംവിധാനത്തിന് കീഴിൽ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും സുജയ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോയെ സുജയയെ ചാനൽ പുറത്താക്കി. എന്നാൽ പിന്നീട് വൻ പ്രതിഷേധമാണ് ആർ.എസ്.എസ് ചാനലിനെതിരെ തുടർന്നത്. ഇതോടെ ഇവരെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു.
സുജയ പാർവതിയെ പുറത്താക്കിയ 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസും നേരത്തെ രംഗത്തെത്തിയിരുന്നു. ലോകത്താകെ അംഗീകാരമുള്ള വലിയ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വേദിയിൽ പങ്കെടുത്തതിനാണ് സുജയ പാർവതിയെ പുറത്താക്കിയിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.