ഓൾ ഇന്ത്യാ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷൻ (ഇപ്സോ) എന്നൊരു സാംസ്കാരിക കൂട്ടായ്മ എഴുപതുകളുടെ അറുതി വരെ കേരളത്തിന്റെ ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ തേജോമയമായ സാംസ്കാരിക മുഖങ്ങളിലൊന്നായിരുന്നു. സോവ്യറ്റ് യൂണിയന്റെ പതനത്തിനു മുമ്പ് വരെ ഇപ്സോ എന്ന ഈ സംഘടനയും അതിന്റെ മാതൃപ്രസ്ഥാനമെന്ന പോലെ ഇൻഡോ സോവ്യറ്റ് കൾച്ചറൽ സൊസൈറ്റിയും (ഇസ്കസ്) സജീവമായിരുന്നു. ദേശീയതലത്തിൽ അറിയപ്പെട്ടിരുന്ന ഇസ്കസിന്റെ സംസ്ഥാന സാരഥിയായി വടക്കെ മലബാറുകാരനായ എസ്. സുബ്രഹ്മണ്യശർമയും ഇപ്സോ സാരഥിയായി തിരുവനന്തപുരം കോലിയക്കോട് സ്വദേശി എൻ. നാരായണൻ നായരും ജില്ലകൾ തോറും ഓടിനടന്ന് സോവ്യറ്റ് യൂണിയന്റേയും സമാധാന പ്രസ്ഥാനത്തിന്റേയും സന്ദേശം പ്രചരിപ്പിച്ചു. യുദ്ധങ്ങൾക്കും സാമ്രാജ്യത്വ ശക്തികൾക്കുമെതിരായ ദൗത്യമായിരുന്നു ഇരു സംഘടനകളും ഏറ്റെടുത്തത്. സി.പി.ഐ നേതൃനിരയിലുണ്ടായിരുന്ന നാരായണൻ നായരെ അടുത്ത സഖാക്കളും നാട്ടുകാരുമെല്ലാം 'സമാധാനം നാരായണൻ നായർ' എന്ന പേര് ചൊല്ലിയാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. നാരായണൻ നായരുടെ മകളായ ഡോ. ലക്ഷ്മി നായർ സ്വാഭാവികമായും വിദ്യാർഥികാലത്ത് ഇടത്പക്ഷ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടയായെങ്കിലും എഴുത്ത്, വായന, യാത്ര, പാചകം ഇതായിരുന്നു പാഷൻ. അച്ഛൻ മേധാവിയായ തിരുവനന്തപുരം ലോ അക്കാദമിയിലെ പഠനശേഷം ഈ സ്ഥാപനത്തിന്റെ സാരഥ്യവും വഹിക്കുമ്പോഴും ലക്ഷ്മി നായർ നിരന്തരമായി യാത്ര ചെയ്യുകയും ആഗോള പാചകകലയുടെ വ്യത്യസ്തതയിൽ ത്രില്ലടിക്കുകയും ചെയ്തു.
തിരുവനന്തപുരം ദൂരദർശനിൽ വാർത്ത വായിച്ചാണ് പ്രഭാപൂരിതമായ ചാനൽ സ്റ്റുഡിയോയിൽ ലക്ഷ്മി നായരുടെ മുഖം ആദ്യമായി തിളങ്ങിനിന്നത്. ഒരു വർഷം ദൂരദർശനിൽ ന്യൂസ് റീഡറായിരുന്നു അവർ. ഇതോടൊപ്പം നിരവധി ടെലിവിഷൻ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തു. അന്നോളം ടി.വി ചാനലുകളിൽ പ്രദർശിപ്പിച്ചുപോരുന്ന പാചക പരിപാടിയുടെ പതിവുരീതികളിൽനിന്ന് വിഭിന്നമായി ഏറെ സമയമെടുത്ത് ലൈവായി കുക്കിംഗ് സംപ്രേഷണം ചെയ്യുന്ന സമ്പ്രദായം കൈരളി ചാനലിലൂടെ ആവിഷ്കരിച്ചത് ലക്ഷ്മി നായരായിരുന്നു. അവരുടെ മാജിക് ഓവൻ വളരെപ്പെട്ടെന്നാണ് ജനകീയ പ്രോഗ്രാമായി മാറിയത്. ഏറെ കുടുംബ പ്രേക്ഷകരെ പിടിച്ചുനിർത്താനും ചാനലിന്റെ റേറ്റിംഗ് അതിശയകരമായി വർധിക്കാനും മാജിക് ഓവൻ സഹായകമായി. ലക്ഷ്മി നായരുടെ അവതരണത്തിലെ പുതുമ എല്ലാവരേയും ആകർഷിച്ചു. പ്രേരണ, കാണാക്കാഴ്ചകൾ തുടങ്ങിയ പേരുകളിൽ വിവിധ ചാനലുകളിൽ അവതരിപ്പിച്ചിരുന്ന ലക്ഷ്മി നായരുടെ സാംസ്കാരിക - വാർത്താധിഷ്ഠിത പരിപാടികളെ അവരുടെ തന്നെ മാജിക് ഓവൻ ഏറെ പിറകിലാക്കി. ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിലുള്ള പ്രോഗ്രാമിനും ലക്ഷ്മി നായരുടെ കൈയൊപ്പുണ്ട്. പാചകത്തിലും പ്രാവീണ്യമുണ്ടായിരുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദല്ലയുടെ പ്രസിദ്ധമായൊരു ചാനൽ അഭിമുഖത്തിലെ ഉദ്ധരണിയുണ്ട്: എന്റെ മനസ്സ് കീഴടക്കിയ ഏറ്റവും നല്ല പെൺസുഹൃത്താണ് ലക്ഷ്മി നായർ.
ദൂരദർശനിലെ വാർത്താവായനക്കാരിയിൽനിന്ന് പാചകലോകത്തെ സെലിബ്രിറ്റിയിലേക്കും ടെലിവിഷൻ അവതാരകയിലേക്കുമുള്ള വിസ്മയകരമായ വളർച്ചയുടെ കഥയാണ് ഡോ. ലക്ഷ്മി നായരുടേത്. തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുമ്പോഴും ചില വിവാദങ്ങളുടെ പുക ഉയർന്നപ്പോഴും അവർ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തില്ല. കൂടെ നിന്നവർ പലരും കൈവിട്ടപ്പോഴും അവർ തന്റെ ആദർശത്തിൽ അടിയുറച്ചുനിന്നു.
'മാജിക് ഓവൻ', 'ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികൾ ചാനലുകളുടെ റേറ്റിംഗ് ഉയർത്തി. പാചകരുചി, പാചകകല, പാചകവിധികൾ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ലക്ഷ്മി നായർ. 1986 മുതൽ 1988 വരെ ദൂരദർശനിൽ ന്യൂസ് റീഡറായിരുന്നു. 2005 ൽ കേരള സ്റ്റേറ്റ് ഫിലിം സെൻസർ ബോർഡ് അംഗവുമായി. പിതാവ് ഡോ. എൻ. നാരായണൻ നായർ ഡയറക്ടർ ആയ തിരുവനന്തപുരം ലോ അക്കാഡമിയിൽനിന്ന് എൽ.എൽ.ബിയും എൽ.എൽ.എമ്മും നേടി. അഡ്വ. അജയ് കൃഷ്ണനാണ് ഭർത്താവ്. മക്കൾ: പാർവതി, വിഷ്ണു.
കാറ്ററീന എന്ന പേരിൽ ഒരു കാറ്ററിംഗ് സ്ഥാപനവും ലക്ഷ്മി നായർ നടത്തുന്നുണ്ട്. അവരുടെ കൃതികൾ: മാജിക് ഓവൻ-പാചകവിധികൾ (ഡി.സി. ബുക്സ്), മാജിക് ഓവൻ-പാചകരുചി (ഡി.സി. ബുക്സ്), മാജിക് ഓവൻ-പാചകകല (ഡി.സി. ബുക്സ്).
യു.കെയിലെ മാഞ്ചസ്റ്ററിലുള്ള മകൾ പാർവതിയ്ക്കൊപ്പം കഴിയുന്ന കാലത്താണ് ലക്ഷ്മിനായർ തന്റെ ലൈവ് സംപ്രേഷണ പരിപാടിയിൽ കാലോചിതമായി മാറ്റം വരുത്തുന്ന പദ്ധതി പ്ലാൻ ചെയ്തതും അതിന്റെ ജനപ്രിയത എങ്ങനെ വർധിപ്പിക്കാമെന്നുമുള്ള ആശയം പ്രാവർത്തികമാക്കാൻ ആരംഭിച്ചതും. വെസ്റ്റേൺ കുക്കറി ഷോകൾ അവർക്ക് നല്ല ഇഷ്ടമായി. അങ്ങനെയാണ് തന്റെ പരിപാടി അന്താരാഷ്ട്ര പരിപ്രേക്ഷ്യത്തിലൂടെ വൈവിധ്യപൂർണമാക്കിയത്. പ്രതീക്ഷയിൽ കവിഞ്ഞ സ്വീകാര്യതയായിരുന്നു മാജിക് ഓവൻ എന്ന പ്രോഗ്രാമിന് ലഭിച്ചത്. പാചകകലയുമായി അത്രമേൽ ഇഴുകിച്ചേർന്ന ജീവിതമാണ് ലക്ഷ്മി നായരുടേത്. തന്റെ മനസ്സിലെ ആശയം മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിന് ചാനലുകളെ അവർ നല്ല മാധ്യമമാക്കിമാറ്റി. യു.കെയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് പുസ്തകരചനയിൽ കൂടുതൽ ശ്രദ്ധ പതിഞ്ഞത്.
കോവിഡ് കാലത്ത് അടഞ്ഞ മുറിയിലിരുന്നപ്പോൾ എഴുത്ത് ഗൗരവമായെടുത്തു. കുക്കിംഗ് കലയെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു പുസ്തകവും മലയാളത്തിൽ നാല് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദുബായ് ഏഷ്യാവിഷന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അവർ അർഹത നേടി.
ഉടുപ്പിലും നടപ്പിലും സദാ മോഡേണാണ് ലക്ഷ്മിനായർ. അവർ പറയുന്നു: കൊച്ചുകുട്ടികളെപ്പോലെയാണ്. പുതിയത് എന്ത് കണ്ടാലും വല്ലാതെ എക്സൈറ്റഡാവും. പുതുമയുടെ പിറകെ കൂടും. മുത്തശ്ശിയായ ഞാനിപ്പോഴും മനസ്സ് കൊണ്ട് ഏറെ ചെറുപ്പമാണ്. ഈ മാനസികാവസ്ഥയിൽ ഏറെ അഭിമാനവുമുണ്ട്. പ്രായമായി എന്ന തോന്നൽ കാര്യമാക്കാറില്ല. കാലത്തിനു മുന്നേ സഞ്ചരിക്കാനും പുതുതലമുറയോട് അടുത്ത കമ്പനി കൂടാനുമാണ് കൂടുതലിഷ്ടം. യു ട്യൂബ് ചാനലിന് ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. അവരിലേറെപ്പേരും യുവതികളും യുവാക്കളുമാണ്. വാട്സാപ്പ് സുഹൃത്തുക്കളുമായി പുതിയ പാചക ആശയങ്ങൾ പങ്കിടാനും അവ ഡെമോൺസ്ട്രേറ്റ് ചെയ്യാനും സദാ സമയം കണ്ടെത്തുന്നു - ലക്ഷ്മി നായർ പറയുന്നു.
- പലർക്കും എന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. അവയൊക്കെ മാറ്റാനും അവരെയെല്ലാം അടുത്ത സുഹൃത്തുക്കളാക്കാനും യു ട്യൂബ് ചാനൽ സഹായിച്ചു. സൗഹൃദത്തിന്റെയും സല്ലാപത്തിന്റേയും പങ്ക് വെപ്പിലൂടെ നെഗറ്റീവ് ചിന്തകളെ മുഴുവൻ എരിയിച്ചുകളയാൻ തനിക്കാവുന്നുവെന്നും ലക്ഷ്മി നായർ. എത്ര തിരക്കായാലും പുതിയൊരു ആശയം കിട്ടിയാൽ - പാചകവുമായി ബന്ധപ്പെട്ടതും അല്ലാത്തതും - ഉൽസാഹപൂർവം, ഊർജസ്വലതയോടെ സ്ഥിരോൽസാഹിയായ ഇവർ സഞ്ചരിക്കുന്നു.
പാചകം എല്ലാ അർഥത്തിലും കല തന്നെയാണ്. ആസ്വദിച്ചു ചെയ്യുന്ന പാചകം എനിക്കൊരിക്കലും മടുക്കാറില്ല. സ്കൂൾ കാലത്ത് തന്നെ പാചകത്തിൽ താൽപര്യമായിരുന്നു. അമ്മയെ അടുക്കളയിൽ സഹായിക്കാനിഷ്ടമായിരുന്നു. മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതും കഴിക്കുന്നതും ഇഷ്ടമാണ്. ലോകമെങ്ങുമുള്ള
വ്യത്യസ്ത ഇനം ഓറിയന്റൽ - കോണ്ടിനെന്റൽ മെനു ആസ്വദിക്കുമ്പോഴും എന്റെ രുചിമുകുളങ്ങളെ മനസ്സറിഞ്ഞ് സംതൃപ്തമാക്കുന്നത് നാടൻ ഭക്ഷണമാണെന്ന് ഈ പാചകവിദഗ്ധ അടിവരയിടുന്നു.
- നാടൻ ഭക്ഷണം- ചോറും തൈരും ഉണക്കമീനും പയറ് തോരനും - അതാണെന്റെ ഏറ്റവുമിഷ്ടപ്പെട്ട ഫുഡ്.
ഡോ. ലക്ഷ്മി നായരുടെ മോഹം: തിരുവനന്തപുരം കേന്ദ്രമായി ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിപ്പിക്കുന്നതിനുള്ള അത്യാധുനികമായ ഒരു വിദ്യാഭ്യാസകേന്ദ്രം.