Sorry, you need to enable JavaScript to visit this website.

VIDEO ഹിജാബ് ധരിക്കാത്ത സ്ത്രീകളുടെ തലയില്‍ തൈരൊഴിച്ചു; ഇറാനില്‍ അറസ്റ്റ് വാറണ്ട്

തെഹ്‌റാന്‍-ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ തലയില്‍ തൈര് ഒഴിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഇറാനില്‍ മൂന്ന് പേര്‍ക്ക് അറസ്റ്റ് വാറണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇറാന്‍ ജുഡീഷ്യറി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക ഇറാന്‍  മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു.

അവഹേളനത്തിനും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് പ്രതിക്കെതിരെ അറസ്റ്റിന് നിര്‍ദേശം. തല മറയ്ക്കാത്തിന് രണ്ടു സ്ത്രീകള്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി അധികൃതരെ ഉദ്ധരിച്ച് ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. കടയിലെത്തിയ ഒരാള്‍ രണ്ട് സ്ത്രീകളെ സമീപിക്കുന്നതാണ് വീഡിയോ. സ്ത്രീകള്‍ തല മറച്ചിരുന്നില്ല. കുറച്ച് സമയം തര്‍ക്കത്തിലേര്‍പ്പെട്ടശേഷം ഇയാള്‍  ഒരു ബക്കറ്റ് തൈര് എടുത്ത് അവരുടെ തലയില്‍ ഒഴിക്കുന്നു.

ഇയാള്‍ പിന്നീട് സ്‌റ്റോര്‍ ഉടമയുമായും തര്‍ക്കിക്കുന്നു. ശിരോവസ്ത്രം ധരിക്കാത്തെ  സ്ത്രീകളെ കടയില്‍ കയറാന്‍ അനുവദിച്ചതിന് ജുഡീഷ്യല്‍ അധികൃതര്‍ ഈ കടയുടമക്ക്  മുന്നറിയിപ്പ് നല്‍കിയതായും മിസാന്‍ ഓണ്‍ലൈന്‍ അറിയിച്ചു. തലമുടി മറയ്ക്കാത്തതിന്റെ പേരില്‍  സ്ത്രീകളെ ആക്രമിച്ച സംഭവം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും റിപ്പോര്‍ട്ട് ചെയ്തു.  

വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ നടന്ന സംഭവത്തെ തിന്മ തടയാന്‍ നിയമാനുസൃതമല്ലാത്ത മാര്‍ഗം സ്വീകരിച്ചുവെന്നാണ് ഇര്‍ന വിശേഷിപ്പിച്ചത്.1979 ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെ സ്ത്രീകള്‍ക്ക് ഹിജാബ് ഇറാന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ 22 കാരിയായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ഹിജബില്ലാതെ പരസ്യമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

 

 

Latest News