ബംഗളൂരു- സ്പോര്‍ട്ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായ്) വനിതാ ഹോസ്റ്റലില്‍ കുളിക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായുള്ള കായികതാരത്തിന്റെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവിലെ സായ് ഹോസ്റ്റലിലാണ് സംഭവം. പഞ്ചാബില്‍ നിന്നുള്ള തായ്ക്വാണ്ട താരമായ 25കാരിയാണ് പരാതി നല്‍കിയത്. വനിതാ വോളിബോള്‍ താരത്തിനെതിരെയായിരുന്നു പരാതി.
മാര്‍ച്ച് 28ന് രാത്രി പത്ത് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ട്രെയിനിംഗിന്റെ ഭാഗമായി സായ് ഹോസ്റ്റലില്‍ തങ്ങുകയായിരുന്നു പരാതിക്കാരി. സംഭവദിവസം കുളിക്കുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ പുറത്തിറങ്ങിയ യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന കുളിമുറിയുടെ വാതിലില്‍ തുടര്‍ച്ചയായി തട്ടി.
കുറച്ച് സമയത്തിനുശേഷം വോളിബോള്‍ കളിക്കാരി പുറത്തുവന്നപ്പോള്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ കാണിക്കാന്‍ പരാതിക്കാരി ആവശ്യപ്പെട്ടു. പിന്നാലെ യുവതി ഫോണിലെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും കുളിമുറി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫോള്‍ഡര്‍ തുറക്കാന്‍ പറഞ്ഞപ്പോള്‍ വോളിബോള്‍ കളിക്കാരി തന്റെ ഫോണ്‍ നിലത്തേയ്ക്ക് എറിയുകയും പിന്നീട് ഫോണ്‍ എടുത്തതിനുശേഷം അവിടെനിന്ന് ഓടിപ്പോവുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ശേഷം പരിശീലകര്‍ ആവശ്യപ്പെട്ടപ്പോഴും തകര്‍ന്ന ഫോണാണ് വോളിബോള്‍ താരം നല്‍കിയത്. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ശേഷം പോലീസ് എഫ് ഐ ആ രജിസ്റ്റര്‍ ചെയ്തതോടെ വോളിബോള്‍ കളിക്കാരിയെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.