ക്വലാലംപുര്‍- അപകടകാരിയായ പഫര്‍ ഫിഷിനെ പാകം ചെയ്ത് കഴിച്ച 83കാരിയ്ക്ക് ദാരുണാന്ത്യം. ഇവര്‍ക്കൊപ്പം പഫര്‍ ഫിഷ് വിഭവം കഴിച്ച 84കാരനായ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലേഷ്യയില്‍ കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. മാര്‍ച്ച് 25ന് ഒരു പ്രാദേശിക ഫിഷ് സ്റ്റാളില്‍ നിന്നാണ് വൃദ്ധന്‍ പഫര്‍ ഫിഷിനെ വാങ്ങിയതെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങളായി ഇയാള്‍ ഇതേ ഫിഷ് സ്റ്റാളില്‍ നിന്ന് സ്ഥിരമായി മത്സ്യങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. വീട്ടിലെത്തിച്ച ശേഷം മത്സ്യത്തെ വൃദ്ധനും ഭാര്യയും ചേര്‍ന്ന് പാകം ചെയ്ത് ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ചു. എന്നാല്‍ അധികം വൈകാതെ വൃദ്ധയ്ക്ക് ശ്വാസതടസം നേരിട്ടു. ശരീരം വിറയ്ക്കാനും തുടങ്ങി. ഒരു മണിക്കൂറിന് ശേഷം ഭര്‍ത്താവും ഇതേ ലക്ഷണങ്ങള്‍ പ്രകടമാക്കി.
ഉടന്‍ തന്നെ ഇരുവരെയും മകന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൃദ്ധ മരണത്തിന് കീഴടങ്ങി. പഫര്‍ ഫിഷിലടങ്ങിയ അതിമാരക വിഷമാണ് മരണത്തിലേക്ക് നയിച്ചത്. വിഷം ഉള്ളിലെത്തിയതോടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പഫര്‍ ഫിഷിനെ പറ്റി ഇരുവര്‍ക്കും അറിവുണ്ടായിരുന്നില്ല. ടെട്രോഡോടോക്‌സിന്‍, സാക്‌സിടോക്‌സിന്‍ എന്നീ വിഷങ്ങളാണ് പഫര്‍ ഫിഷിലുള്ളത്. ആഹാരം പാകം ചെയ്താലോ ശീതീകരിച്ചാലോ ഇവ നശിക്കുന്നില്ല.
സയനൈഡിനേക്കാള്‍ അപകടകാരിയാണ് പഫര്‍ ഫിഷിലെ വിഷം. മനുഷ്യരില്‍ ഇത് ഉള്ളിലെത്തി 20 മിനിറ്റിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. പഫര്‍ ഫിഷില്‍ വിഷം സംഭരിച്ചിരിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി പ്രത്യേക രീതിയില്‍ വൃത്തിയാക്കിയെടുത്ത ശേഷം തയാറാക്കുന്ന വിഭവം ജപ്പാനില്‍ പ്രചാരത്തിലുണ്ട്. അതും അംഗീകാരം നേടിയ വിദഗ്ദ്ധ ഷെഫുകള്‍ക്കാണ് പഫര്‍ ഫിഷിനെ കൈകാര്യം ചെയ്യാന്‍ അനുമതി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് പഫര്‍ ഫിഷിനെ വാണിജ്യാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്.