തിരുവനന്തപുരം- ഉത്സവ കാലത്തെ അധിക യാത്ര നിരക്കിനെതിരെ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തുകയാണ്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഓഫീസുകളിലും പരിശോധന നടത്തും. അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലോടുന്ന മുഴുവന്‍ ബസുകളും പരിശോധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം മറ്റ് നിയമ ലംഘനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
ഉത്സവ സീസണില്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രിആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളില്‍ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.
നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം ബസ് ഉടമകള്‍ക്കായിരിക്കും. കോണ്‍ട്രാക്ട് കാരിയേജ് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറിലും ജിപിഎസ്സിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം സ്പീഡില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കൂടുതല്‍ ബസ് സര്‍വീസ് നടത്തുവാന്‍ കെഎസ്ആര്‍ടിസിക്ക് മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി.