Sorry, you need to enable JavaScript to visit this website.

സവര്‍ക്കര്‍ ദേശീയ വിഷയമാക്കേണ്ട കാര്യമില്ല, നൂറുകൂട്ടം പ്രശ്‌നങ്ങളുണ്ട്- ശരദ് പാവര്‍

നാഗ്പൂര്‍- രാജ്യത്ത് സാധാരണക്കാരെ ബാധിക്കുന്ന നൂറുകൂട്ടം പ്രശ്‌നങ്ങളുള്ളപ്പോള്‍ സവര്‍ക്കര്‍ ഒരു വിഷയമാകരുതെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ അന്തരിച്ച സംഘ്പരിവാര്‍ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറുടെ ത്യാഗത്തെ ആര്‍ക്കും അവഗണിക്കാനാവില്ല, എന്നാല്‍ അദ്ദേഹത്തിനെതിരായ അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോള്‍ ഒരു ദേശീയ വിഷയമാക്കാന്‍ കഴിയില്ല. കാരണം നിരവധി പ്രധാന വിഷയങ്ങളുണ്ടെന്ന്  ശരദ് പവാര്‍ പറഞ്ഞു.
വിദേശത്തായിരിക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ രാജ്യത്തെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇതാദ്യമല്ലെന്ന് വിദേശ മണ്ണില്‍ ഇന്ത്യയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചതിന് ബി.ജെ.പി കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സവര്‍ക്കറിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് സംസാരിച്ചോ എന്ന ചോദ്യത്തിന് 18-20 രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അടുത്തിടെ രാജ്യത്തിന് മുമ്പിലുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പവാര്‍ മറുപടി നല്‍കി.
സവര്‍ക്കര്‍ക്കെതിരായ വിമര്‍ശം രാഹുല്‍ ഗാന്ധി മയപ്പെടത്തുമോ എന്ന ചോദ്യത്തിന് പവാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. രാഹുല്‍ ഗാന്ധി സവര്‍ക്കറെ ആവര്‍ത്തിച്ച് അപമാനിക്കുകയാണെന്ന് ആരോപിക്കുന്ന ബി.ജെ.പി സവര്‍ക്കര്‍ ഗൗരവ് യാത്രയും സംഘടിപ്പിക്കുന്നുണ്ട്.
അധികാരത്തിലിരിക്കുന്നവര്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന രീതിയെക്കുറിച്ചാണ് നമ്മള്‍ ആലോചിക്കേണ്ടതെന്ന നിര്‍ദേശമാണ് താന്‍ മുന്നോട്ടുവെച്ചതെന്ന്  ശരദ് പവാര്‍  പറഞ്ഞു.
ഇന്ന് സവര്‍ക്കര്‍ ഒരു ദേശീയ വിഷയമല്ല. അത് പഴയ കാര്യമാണ്. സവര്‍ക്കറിനെക്കുറിച്ച് ഞങ്ങള്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും അത് വ്യക്തിപരമല്ല. ഹിന്ദു മഹാസഭക്കെതിരെയാണ് പറഞ്ഞത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവര്‍ക്കര്‍  നടത്തിയ ത്യാഗത്തെ നമുക്ക് അവഗണിക്കാനാവില്ല. സവര്‍ക്കറുടെ പുരോഗമന കാഴ്ചപ്പാടുകളെക്കുറിച്ച് 32 വര്‍ഷം മുമ്പ് താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നുവെന്ന് പവാര്‍ പറഞ്ഞു. സവര്‍ക്കര്‍ രത്‌നഗിരിയില്‍ ഒരു വീടും അതിനു മുന്നില്‍ ഒരു ചെറിയ ക്ഷേത്രവും പണിതു. വാല്‍മീകി സമുദായത്തില്‍ നിന്നുള്ള ഒരാളെ ക്ഷേത്രത്തില്‍ പൂജ നടത്താന്‍ നിയോഗിക്കുകയും ചെയ്തു. ഇത് വളരെ പുരോഗമനപരമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു-  പവാര്‍ പറഞ്ഞു.
നാഗ്പൂര്‍ സന്ദര്‍ശനത്തിനിടെ, പവാര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചു. ഗഡ്കരിയുടെ ആവശ്യപ്രകാരം പൂനെയിലെ വസന്ത്ദാദ ഷുഗര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ഉപകേന്ദ്രം നാഗ്പൂരില്‍ ആരംഭിക്കുന്നുണ്ട്. പവാറാണ് ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News