Sorry, you need to enable JavaScript to visit this website.

അൽഹുദൈദയിൽ യുദ്ധം

ഹുദൈദ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ഒമ്പത് കി.മീ അകലെ ദുരൈഹിമി ഡിസ്ട്രിക്ടിൽ യെമൻ സർക്കാർ സേനയുടെ കവചിത വാഹനങ്ങൾ. 

ഏദൻ - പശ്ചിമ യെമൻ തീരത്തെ അൽഹുദൈദ പ്രവിശ്യ ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള ആക്രമണം സഖ്യസേന ആരംഭിച്ചു. ഇന്നലെ പുലർച്ചെയാണ് സുവർണ വിജയം (ഗോൾഡൻ വിക്ടറി) എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിന് തുടക്കമിട്ടത്. 
സഖ്യസേനയും യെമൻ സൈന്യവും ചേർന്ന് ഇന്നലെ നടത്തിയ ആക്രമണത്തിൽ അൽഹുദൈദയുടെ പല ഭാഗങ്ങളും ശക്തമായ സ്‌ഫോടനത്തിൽ വിറച്ചു. ഹൂത്തികളിൽനിന്ന് തിരിച്ചുപിടിക്കുന്നതിന് അൽഹുദൈദ നഗരത്തിലും തുറമുഖത്തും ഒരേസമയം വ്യോമ, സമുദ്ര, കര ആക്രമണങ്ങൾ നടത്തുന്നുണ്ട്. അൽഹുദൈദ നഗരത്തോട് ചേർന്ന അൽദുരൈഹിമി ജില്ലയിലും സഖ്യസേന വ്യോമാക്രമണങ്ങൾ നടത്തി. ആക്രമണങ്ങൾ ആരംഭിച്ചതോടെ ഹൂത്തി മിലീഷ്യകൾ തങ്ങളുടെ കുടുംബങ്ങളെ അൽഹുദൈദയിൽനിന്ന് സൻആയിലേക്ക് മാറ്റുകയാണ്. 
അൽഹുദൈദ തുറമുഖത്തുനിന്ന് ഹൂത്തികളെ പുറത്താക്കുന്നതിന് നടത്തിയ സമാധാന, രാഷ്ട്രീയ ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടർന്നാണ് യുദ്ധം ആരംഭിച്ചതെന്നും വൈകാതെ അൽഹുദൈദ സ്വതന്ത്രമാക്കുമെന്നും യെമൻ ഗവൺമെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽനിന്ന് ആയുധങ്ങൾ കടത്താനുള്ള കേന്ദ്രമായാണ് അൽഹുദൈദ തുറമുഖത്തെ ഹൂത്തികൾ ഉപയോഗിക്കുന്നത്. അൽഹുദൈദ വഴിയുള്ള ആയുധക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വിദേശ അജണ്ടകൾ നടപ്പാക്കുന്നതിന് ഹൂത്തി മിലീഷ്യകൾ തട്ടിയെടുത്ത യെമനെ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിൽ അൽഹുദൈദ തുറമുഖത്തിന്റെ വിമോചനം നാഴികക്കല്ലായി മാറും. ഹൂത്തികളുടെ തകർച്ചയുടെ തുടക്കമാകും അൽഹുദൈദ തുറമുഖത്തിന്റെ വിമോചനം. 
ബാബൽമന്ദബ് കടലിടുക്കിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനും യെമനിൽ ആയുധങ്ങൾ നിറച്ച ഇറാനെ തുരത്തുന്നതിനും ഇതിലൂടെ സാധിക്കും. അട്ടിമറി ശക്തികളുടെ പദ്ധതികൾ പരാജയപ്പെടുത്താൻ അൽഹുദൈദ നിവാസികൾ ഒരുമിച്ചുനിൽക്കണം. അൽഹുദൈദ വൈകാതെ മോചിപ്പിക്കുകയും അവിടെ നിന്ന് ഹൂത്തികളെ പുറത്താക്കുകയും ചെയ്യും. സഖ്യസേനയുടെ പിന്തുണയോടെ അൽഹുദൈദ സ്വതന്ത്രമാക്കിയശേഷം പ്രദേശവാസികളുടെ ദുരിതമകറ്റുന്നതിനും പ്രവിശ്യയിലെ എല്ലാ ജില്ലകളിലും സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനും നടപടികളെടുക്കുമെന്നും യെമൻ ഗവൺമെന്റ് പറഞ്ഞു.
അൽഹുദൈദ വൈകാതെ സ്വതന്ത്രമാകുമെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ പറഞ്ഞു. മൂന്നു വർഷം മുമ്പ് യെമൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് യെമനിലെ ഒരു പ്രധാന നഗരം പിടിച്ചടക്കുന്നതിന് സഖ്യസേന ഇത്രയും വലിയ ആക്രമണം നടത്തുന്നത്. ചെങ്കടൽ തീരത്തെ അൽഹുദൈദ തുറമുഖം വഴിയാണ് ഭൂരിഭാഗം റിലീഫ് വസ്തുക്കളും യെമനിലെത്തുന്നത്. ഈ തുറമുഖം വഴിയാണ് യെമനിൽ ഏറ്റുമധികം വാണിജ്യം നടക്കുന്നതും. 21,000 സൈനികർ അൽഹുദൈദ ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ട്. 2015 മാർച്ച് 26 ന് ആണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിനുള്ള യുദ്ധം ആരംഭിച്ചത്. 

 

Latest News