Sorry, you need to enable JavaScript to visit this website.

കെയ്ൻ -ആഹ്ലാദവും ആശങ്കയും

കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ട് പ്രധാന നേട്ടങ്ങളാണ് കെയ്ൻ സ്വന്തമാക്കിയത്. ജിമ്മി ഗ്രീവ്‌സിനെ മറികടന്ന് ടോട്ടനത്തിന്റെ ഓൾടൈം ലീഡിംഗ് ഗോൾസ്‌കോററായി. ഇംഗ്ലണ്ടിന്റെ ഗോളടിപ്പട്ടികയിലും ഒന്നാമതെത്തി. പക്ഷേ ഇംഗ്ലണ്ടിനൊപ്പമോ ക്ലബ്ബിനൊപ്പമോ ഒരു കിരീടമുയർത്തുകയെന്ന സ്വപ്‌നം ബാക്കി നിൽക്കുന്നു. കെയ്‌നിന് ഇരുപത്തൊമ്പതാമതായി. ട്രോഫി നേടാനുള്ള സാധ്യതകൾ അതിവേഗം അവസാനിച്ചു വരുന്നു.
കഴിഞ്ഞയാഴ്ച അമ്പത്തഞ്ചാം ഗോളോടെ ഇംഗ്ലണ്ടിന്റെ ഓൾ ടൈം ലീഡിംഗ് സ്‌കോററായത് ആഘോഷിക്കുമ്പോൾ ചിലപ്പോൾ ഹാരി കെയ്‌നിന് വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അറിയാമായിരിക്കണം. മണിക്കൂറുകൾക്കകം ആന്റോണിയൊ കോണ്ടെയെ ടോട്ടനത്തിന്റെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി. ഒരു ട്രോഫിക്കായുള്ള ടോട്ടനത്തിന്റെ 15 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ സാധിക്കാതെയാണ് കോണ്ടെ വിടവാങ്ങുന്നത്. 
ഹാരി കെയ്‌നിനും അത് കാത്തിരിപ്പിന്റെ ഒന്നരപ്പതിറ്റാണ്ടാണ്. യുവന്റസിലും ചെൽസിയിലും ഇന്റർമിലാനിലും വിജയകരമായ വർഷങ്ങൾ ചെലവിട്ട കോണ്ടെക്ക് ടോട്ടനത്തിൽ ആ വിജയം ആവർത്തിക്കാനായില്ല. പുതിയ കളിക്കാർക്കായി 14 കോടി ഡോളർ ചെലവിട്ടതിന്റെ ഫലം കളിക്കളത്തിൽ കാണാനായില്ല. 
ഞായറാഴ്ച ഉക്രൈനെതിരായ യൂറോ കപ്പ് യോഗ്യത മത്സരത്തിന് മുമ്പ് കെയ്‌നിന് വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾഡൻ ബൂട്ട് സമ്മാനിച്ചു. ഇംഗ്ലണ്ട് ഗോളടിക്കാരുടെ പട്ടികയിൽ വെയ്ൻ റൂണിയെ മറികടന്നതിന്റെ സമ്മാനം. 
വ്യക്തിഗത സമ്മാനങ്ങൾ അർഹിച്ചതു തന്നെയാണ്, സന്തോഷകരവുമാണ്. പക്ഷേ കെയ്‌നിന് വേണ്ടത് വിജയിച്ച ടീമിന്റെ ഭാഗമാവുകയാണ് -ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റ് പറഞ്ഞു. 1966 നു ശേഷം ഇംഗ്ലണ്ടിനും ഒരു ട്രോഫി നേടാനായിട്ടില്ല. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഒരിക്കൽ പോലും കെയ്‌നിന് ഒരു കിരീടമുയർത്താനായിട്ടില്ല. 
കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ട് പ്രധാന നേട്ടങ്ങളാണ് കെയ്ൻ സ്വന്തമാക്കിയത്. ജിമ്മി ഗ്രീവ്‌സിനെ മറികടന്ന് ടോട്ടനത്തിന്റെ ഓൾടൈം ലീഡിംഗ് ഗോൾസ്‌കോററായി. ഇംഗ്ലണ്ടിന്റെ ഗോളടിപ്പട്ടികയിലും ഒന്നാമതെത്തി. മറ്റൊരു ട്രോഫിയില്ലാത്ത വർഷത്തിനൊടുവിൽ ടോട്ടനത്തിൽ അനിശ്ചിതത്വത്തിന്റെ നാളുകളാണ് വരുന്നത്. 
ടോട്ടനം അവസാനമായി കിരീടം നേടിയത് 2008 ലാണ്, ഇംഗ്ലിഷ് ലീഗ് കപ്പ്. അന്ന് കെയ്‌നിന് 15 വയസ്സ്. പ്രൊഫഷനൽ കരിയർ തുടങ്ങിയിട്ടില്ല. അതിനു ശേഷമുള്ള ഏഴാമത്തെ കോച്ചാണ് കോണ്ടെ. 
കെയ്‌നിന് ഇരുപത്തൊമ്പതാമതായി. ട്രോഫി നേടാനുള്ള സാധ്യതകൾ അതിവേഗം അവസാനിച്ചു വരുന്നു. മുപ്പത്തൊന്നാവുമ്പോൾ ടോട്ടനവുമായുള്ള കരാർ പൂർത്തിയാവും. താനും ഇതേ പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ലിവർപൂളിന്റെ മുൻ രോമാഞ്ചം സ്റ്റീവൻ ജെറാഡ് പറഞ്ഞു. എന്റെ ക്ലബ്ബിന് മെഡൽ നേടാനുള്ള കരുത്തുണ്ടോ, ഇങ്ങനെയാണോ കരിയർ അവസാനിപ്പിക്കേണ്ടത് തുടങ്ങിയ ചിന്തകൾ തന്നെയും ഭരിച്ചിരുന്നു. പ്രീമിയർ ലീഗ് നേടുകയെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ജെറാഡ് വിരമിച്ചത്. എന്നാൽ 2005 ലെ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മറ്റെല്ലാ പ്രധാന ട്രോഫികളും നേടി. 
കെയ്ൻ 2021 ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ ടോട്ടനം ചെയർമാൻ ഡാനിയേൽ ലെവി അതിന് തടയിട്ടു. കരാറിൽ രണ്ട് വർഷം മാത്രം ശേഷിക്കേ ടോട്ടനവും ഇപ്പോൾ കെയ്‌നിനെ വിൽക്കുന്ന കാര്യം ആലോചിക്കുന്നുണ്ടാവണം. 
കെയ്ൻ കരാർ പൂർത്തിയാക്കിയാൽ ടോട്ടനത്തിന് നഷ്ടപ്പെടുക കോടികളുടെ ട്രാൻസ്ഫർ തുകയാണ്. പക്ഷേ സിറ്റിക്ക് ഇപ്പോൾ കെയ്‌നിനെ ആവശ്യമില്ല. എർലിംഗ് ഹാലാൻഡ് തന്നെ ധാരാളമാണ്. പക്ഷേ മാഞ്ചസ്റ്റർ യുനൈറ്റഡിന് താൽപര്യമുണ്ടാവാം. ക്രിസ്റ്റ്യാനൊ റൊണാൾഡൊ നവംബറിൽ ക്ലബ്ബ് വിട്ട ശേഷം ടോപ്ക്ലാസ് സ്‌ട്രൈക്കറുടെ ഒഴിവ് അവിടെയുണ്ട്. വിലയായിരിക്കും പ്രശ്‌നം. 12 കോടിയിലേറെ ഡോളറാണ് ടോട്ടനം വിലിയിടുന്നത്. 
ഖത്തറിലെ ശൈഖ് ജാസിം ബിൻ ഹമദ് അൽതാനിയോ ബ്രിട്ടിഷ് കോടീശ്വരൻ ജിം റാറ്റ്ക്ലിഫോ യുനൈറ്റഡിനെ ഏറ്റെടുക്കാനിരിക്കുകയാണ്. കെയ്‌നിനെ പോലൊരു കളിക്കാരനെ കൊണ്ടുവരുന്നത് അവർക്കൊരു അലങ്കാരമായിരിക്കും. ടോട്ടനത്തിന്റെ ലണ്ടൻ വൈരികളായ ചെൽസിയിലേക്ക് പോകാൻ കെയ്‌നിന് താൽപര്യമുണ്ടാവില്ല. സൗദി പിന്തുണയുള്ള ന്യൂകാസിൽ മറ്റൊരു ഓപ്ഷനായിരിക്കും. പക്ഷേ അവർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടണം. റയൽ മഡ്രീഡ്, ബാഴ്‌സലോണ, പി.എസ്.ജി, ബയേൺ മ്യൂണിക് ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ചേക്കാം. 
ഇംഗ്ലണ്ടിൽ തുടരാനാവും കെയ്‌നിന് താൽപര്യം. പ്രീമിയർ ലീഗിൽ 204 ഗോളായി താരത്തിന്. അലൻ ഷിയററുടെ 260 ഗോളിന്റെ റെക്കോർഡ് ഒരു സാധ്യതയാണ്. 
രണ്ടാം സ്ഥാനത്തുള്ള റൂണി (208 ഗോൾ) തൊട്ടരികിലാണ്. സ്ഥിരത പുലർത്താത്ത ടോട്ടനത്തിലും ഈ സീസണിൽ 21 ഗോളടിക്കാൻ കെയ്‌നിനായി, ഹാലാൻഡിനേക്കാൾ ഏഴെണ്ണം മാത്രം കുറവാണ് അത്. 

Latest News