കോട്ടയം- വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
വൈകിട്ട് മൂന്നിന് വലിയകവലയിലെ വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാര്‍, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപണിക്കര്‍, ആമചാടി തേവന്‍, രാമന്‍ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളില്‍ ഇരു മുഖ്യമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് ബീച്ചില്‍ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.