ദുബായ്- ഔദാര്യത്തിന്റെ അത്ഭുതകരമായ പ്രകടനമല്ലാതെ മറ്റെന്ത്? യു.എ.ഇ.യുടെ റമദാന്‍ ഒരു ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' കാമ്പെയ്ന്‍ ഒരാഴ്ചയ്ക്കുള്ളില്‍ 247 ദശലക്ഷം ദിര്‍ഹം സമാഹരിച്ചു പേര് സൂചിപ്പിക്കുന്നത് പോലെ ലോകമെമ്പാടുമുള്ള നിരാലംബരായ ആളുകള്‍ക്ക് ഒരു ബില്യണ്‍ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ മഹാസംരംഭം.
കാമ്പെയ്ന് 13,220 വ്യക്തികളില്‍നിന്നും ബിസിനസ്സുകളില്‍നിന്നും പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്നും സംഭാവന ലഭിച്ചു. സഹായിക്കാനുള്ള അഭ്യര്‍ത്ഥനകളോട് കനിവോടെ പ്രതികരിച്ച യു.എ.ഇയിലെ ജനങ്ങളുടെ മനസ്സാണിത്.
മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ കുടക്കീഴില്‍ ആരംഭിച്ച ഈ കാമ്പയിന്‍, സുസ്ഥിരമായ സ്ഥാപന ചട്ടക്കൂടിനുള്ളില്‍ പട്ടിണിയെ ചെറുക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള പരിപാടികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ബിസിനസുകാര്‍ക്കും മനുഷ്യസ്നേഹികള്‍ക്കും സംഭാവന നല്‍കാനും മാറ്റമുണ്ടാക്കാനുമുള്ള പുതിയ വഴികളും ഈ കാമ്പെയ്ന്‍ നല്‍കുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം 3 വര്‍ഷമായി തുടരുന്ന ഭക്ഷ്യ സഹായ കാമ്പെയ്നുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ '1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' കാമ്പയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 2020 ലെ റമദാനില്‍ '10 മില്യണ്‍ മീല്‍സ്', യു.എ.ഇയിലെ കോവിഡ് -19 മഹാമാരിയുടെ ഇരകളെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഏറ്റവും വലിയ ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു. തുടര്‍ന്ന് 2021-ല്‍ അറബ് മേഖലയിലും ആഫ്രിക്കയിലും ഏഷ്യയിലുമായി 20 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ പ്രാദേശിക ഭക്ഷണ പിന്തുണ കാമ്പെയ്നായ '100 ദശലക്ഷം മീല്‍സ്' കാമ്പെയ്ന്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ 'വണ്‍ ബില്യണ്‍ മീല്‍സ്', 50 രാജ്യങ്ങളിലായി 1 ബില്യണ്‍ ഭക്ഷണം നല്‍കിക്കൊണ്ട്, പ്രാദേശികമായി ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭമായി മാറിയിരിക്കുകയാണ്.