ലണ്ടന്‍- ബ്രിട്ടീഷുകാരന്റെ വിവേചനപരമായ ആക്ഷേപത്തിനിരയായ ഹിജാബിട്ട മുസ്ലിം യുവതിയുടെ രക്ഷയ്ക്കായി ഇടപെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ വംശീയാതിക്രമത്തിന് ഇരയായി. കേംബ്രിജ് യുണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ 28-കാരന്‍ റികേശ് അഡ്വാനിയാണ് ബ്രിട്ടീഷുകാരന്റെ ആക്രമണത്തിന് ഇരയായത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മുസ്ലിം യുവതിക്കെതിരെയാണ് ബ്രിട്ടീഷുകാരന്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതു കണ്ട് റികേശ് മാന്യമായ രീതിയില്‍ തടയാന്‍ ശ്രമിച്ചതാണ് ആക്രമിയെ ചൊടിപ്പിച്ചത്. യുവതിയെ തുണച്ചു സംസാരിച്ച റികേശിനെതിരായി പിന്നീട് ഇദ്ദേഹത്തിന്റെ ആക്രോശം. റികേശിനെ ഇടിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. നാട്ടിലേക്കു തിരിച്ചു പോകൂവെന്നും ആക്രമി റികേശിനോട് ആക്രോശിക്കുന്നുണ്ട്.
യുവതിയെ വംശീയാധിക്ഷേപം നടത്തുന്നതിനെതിരെ ആശുപത്രിയില്‍ സമീപത്തുണ്ടായിരുന്ന ആരും രംഗത്തു വന്നില്ലെന്നും തെറ്റായ ഒരു കാര്യം കണ്ടത് കൊണ്ടാണ് താന്‍ എഴുന്നേറ്റ് നിന്ന് മാന്യമായി തടയാന്‍ ശ്രമിച്ചതെന്നും റികേശ് പറഞ്ഞു. പോലീസിനെ വിളിക്കാന്‍ അവിടെ ഉള്ളവരോട് പറഞ്ഞെങ്കിലും ആരും കണ്ടഭാവം പോലും നടിച്ചില്ലെന്നും ഇതു കണ്ട് താന്‍ ഞെട്ടിയിരിക്കുകയാണെന്നും റികേശ് പറയുന്നു. തുടര്‍ന്ന് റികേശ് തന്നെ നേരിട്ട് പോലീസില്‍ പരാതി നല്‍കുയായിരുന്നു. പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതുവരെ ആരേയും അറസറ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന ആശുപത്രിയുടെ മാനേജര്‍ പിന്നീട് ക്ഷമാപണം നടത്തി.