തിരുവനന്തപുരം- വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വി.സി സിസ തോമസിന് കുറ്റാരോപണ മെമ്മോ. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വി.സി സ്ഥാനം ഏറ്റെടുത്തതിനാണ് മെമ്മോ നല്‍കിയത്. അതേസമയം, സിസക്കെതിരെ സസപെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകള്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടായി, ഫയലുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നും മെമ്മോയില്‍ പറയുന്നുണ്ട്. മെമ്മോക്ക് 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസ തോമസിനെ സര്‍ക്കാര്‍ നീക്കിയിരുന്നു. പകരം പദവി നല്‍കിയില്ല. എന്നാല്‍, ഈ മാസം വിരമിക്കുന്ന സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കാന്‍ അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പലായി സിസയെ നിയമിച്ചു.
യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് വി.സി എം.എസ് രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിയാണ് സിസ തോമസിനെ ഗവര്‍ണര്‍ വി.സിയായി നിയമിച്ചത്.