ബംഗളൂരു- ബിജെപിയുടെ കൈവശമുണ്ടായിരുന്ന ബംഗളൂരുവിലെ ജയാനഗര്‍ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം. മേയില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയാനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് മാറ്റി വച്ച വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് നടന്നത്. ഇന്ന് വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി 2,889 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. വിജയകുമാറിന്റെ സഹോദരന്‍ ബി എന്‍ പ്രഹഌദായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് 54,457 വോട്ടു ലഭിച്ചപ്പോള്‍ ബിജെപിക്ക് 51,568 വോട്ടുകളാണ് സ്വന്തമാക്കാനായത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ ജെഡിഎസ് ജയാനഗറിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു. 2008 മുതല്‍ ബിജെപിയുടെ കൈവശമുള്ള മണ്ഡലാണ് ജയാനഗര്‍. അന്തരിച്ച വിജയകുമാര്‍ ആയിരുന്ന കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ സഹതാപ വോട്ട് ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലായതോടെ ഈ കണക്കു കൂട്ടല്‍ തെറ്റുകയായിരുന്നു. സഖ്യസര്‍ക്കാരിനു ലഭിച്ച അംഗീകാരം കൂടിയായി ഈ വിജയം.