ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഭരണം സ്തംഭിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ജനക്ഷേമ പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മൂന്ന് മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജിലാലിന്റെ വസതിയില്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. ആവശ്യങ്ങല്‍ ഗവര്‍ണര്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. അതിനിടെ സമരത്തിലുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് അറിയിച്ചു. മറ്റൊരു മന്ത്രി സത്യേന്ദര്‍ ജയിന്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്. ഇവര്‍ക്കൊപ്പം മറ്റൊരു മന്ത്രിയായ ഗോപാല്‍ റായിയും ഗവര്‍ണറുടെ വസതിയായ രാജ് നിവാസിലെ സന്ദര്‍ശക മുറിയില്‍ പ്രതിഷേധ സമരം നടത്തി വരുന്നുണ്ട്. ഗവര്‍ണര്‍ ബൈജിലാലിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
അതിനിടെ സമരത്തിന്റെ മൂന്നാം ദിവസമായി ഇന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ആക്രമിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം ഐഎഎസ് ഉദ്യോഗസ്ഥര്‍ നിസ്സഹകരണ സമരത്തിലാണെന്ന് മുഖ്യമന്ത്രി കേജ്രിവാള്‍ പറയുന്നു. യോഗങ്ങളില്‍ പങ്കെടുക്കുകയോ മന്ത്രിമാരുടെ ഫോണ്‍ വിളികള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ഭരണം സ്തംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ സമരം സര്‍ക്കാരിന്റെ ജനക്ഷേപ പദ്ധതികളെ എല്ലാം ബാധിച്ചിട്ടുണ്ട്. പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളായി മൊഹല്ല ക്ലിനിക്കുകള്‍, സ്വകാര്യ സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം അടക്കം നിരവധി ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭ്യത തടസ്സപ്പെട്ടിരിക്കുകയാണ്.
സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം മന്ത്രിമാരും മുഖ്യമന്ത്രിയും വിളിച്ചു ചേര്‍ക്കുന്ന പതിവു യോഗങ്ങളില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് അവര്‍ സമ്മതിക്കുന്നു. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതികരിച്ച ഗവര്‍ണര്‍ ബൈജിലാല്‍ ഉദ്യോഗസ്ഥരുടെ പക്ഷം പിടിച്ചിരിക്കുകയാണ്.
ഗവര്‍ണറിലൂടെ ദല്‍ഹി സര്‍ക്കാരിനെ വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. ദല്‍ഹി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ മുക്കിക്കളയാന്‍ മോഡി സര്‍ക്കാര്‍ ഐഎഎസ് ഉേദ്യാഗസ്ഥരെ വെറും ഉപകരണമാക്കുകയോണോ എന്ന് ഒരു ട്വീറ്റിലൂടെ കേജ്രിവാള്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പു ലഭിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ തുടരുക സാധ്യമല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.
ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്മ ചുമത്തി നിയമ നടപടി സ്വീകരിക്കുമെന്നും കെജ്രിവാള്‍ മുന്നറിയിപ്പു നല്‍കി. അടിയന്തര സേവനങ്ങല്‍ മുടക്കി ജോലിക്ക് വരാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിര പ്രയോഗിക്കുന്ന നിയമമാണ് എസ്മ.