ബംഗളൂരു- കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ എത്തിച്ച, എം എല്‍ എയുടെ ചിത്രം പതിപ്പിച്ച അഞ്ഞൂറിലധികം പ്രഷര്‍ കുക്കറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. വടക്കുപടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജഗോപാല്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വകാര്യ കാര്‍ഗോ കമ്പനിയുടെ വാഹനം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കുക്കറുകള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ പിടിച്ചെടുത്തത്.ദാസറഹള്ളി നിയോജക മണ്ഡലത്തിലെ ജെഡി(എസ്) എം എല്‍ എയായ ആര്‍ മഞ്ജുനാഥിന്റെ ചിത്രമാണ് കുക്കറുകളില്‍ പതിച്ചിരുന്നത്. പിടിച്ചെടുത്തവയ്ക്ക് എട്ടുലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കര്‍ണാടകയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സാധനങ്ങള്‍ പിടിച്ചെടുക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ബനശങ്കരി ആറാം സ്റ്റേജില്‍ നൈസ് റോഡില്‍ നിന്ന് ആറുലക്ഷത്തോളം രൂപയും വന്‍താേതില്‍ കിച്ചണ്‍ സെറ്റുകളും കയറ്റിയ കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.താന്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ബില്‍ കലക്ടറാണെന്നും പണവും സാധനങ്ങളും തൊഴിലുടമയുടേതാണെന്നും വാഹനത്തിലുണ്ടായിരുന്ന ആള്‍ പറഞ്ഞെങ്കിലും ഇതുസംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് വാഹനമുള്‍പ്പടെ പിടിച്ചെടുത്തത്. ശേഷാദ്രിപുരത്തെ വീട്ടില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വിലപിടിപ്പുള്ളള ഗിഫ്റ്റുകള്‍ അടങ്ങിയ നിരവധി പെട്ടികള്‍ പിടിച്ചെടുത്തിരുന്നു.കര്‍ണാടക നിയമസഭയിലേക്ക് മേയ് 10ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മേയ്13നാണ് വോട്ടെണ്ണല്‍.