റാഞ്ചി- ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഞായറാഴ്ച രാത്രി തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ രണ്ടു മൗലവിമാരെ ആക്രമിച്ച ഹിന്ദുത്വ ഗുണ്ടാ സംഘത്തിലെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ഇമാമുരായ അസ്ഹറുല്‍ ഇസ്ലാം, സുഹൃത്ത് മുഹമ്മദ് ഇംറാന്‍ എന്നിവരേയാണ് രണ്ടു കാറുകളിലെത്തിയ ഹിന്ദുത്വ ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ജയ് ശ്രീ രാം എന്നു വിളിക്കാനാവശ്യപ്പെട്ടായിരുന്നു ആക്രമണം. ആക്രമി സംഘം ഇമാമുമാര്‍ സഞ്ചരിച്ച് ബൈക്ക് തടഞ്ഞാണ് ആക്രമിച്ചത്. ഇവര്‍ക്ക് മറുപടി നല്‍കാന്‍ പോലും സമയം നല്‍കാതെ ആക്രമിച്ച ഉടന്‍ സ്ഥലം വിടുകയും ചെയ്തു.
ആക്രമികളില്‍ ഉള്‍പ്പെട്ട അഞ്ചു പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ആക്രമത്തിനു കാരണം വ്യക്തമാണെന്നും നഗ്രി പോലീസ് സ്റ്റേഷന്‍ മേധാവി രാം നാരായണ്‍ സിങ് പറഞ്ഞു. 'മൗലവിമാരെ തടഞ്ഞു നിര്‍ത്തിയ ആക്രമികള്‍ ഹിന്ദു ദൈവത്തിന്റെ നാമം ഉച്ചരിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇത് അന്വേഷണിച്ചു വരികയാണ്,' അദ്ദേഹം പറഞ്ഞു. ആക്രമികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. റട്ടുവിലെ അഗ്ഡു ബസ്തി പള്ളിയില്‍ ഒരു വര്‍ഷത്തോളമായി ഇമാമായി ജോലി ചെയ്തു വരികയാണ് ആക്രമണത്തിനരയായ അസ്ഹറുല്‍ ഇസ്ലാം. കൂടെ ആക്രമണത്തിനിരയായ മുഹമ്മദ് ഇംറാന്‍ ദല്‍ഹിയില്‍ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്യുകയാണ്. റമദാന്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനെ മറികടന്നാണ് ഇമാമുമാരെ ആക്രമിച്ചത്. ഹോക്കി സ്റ്റിക്കു കൊണ്ട് അടിയേറ്റ ഇവര്‍ ബൈക്കില്‍ നിന്നും വീണു. ഇതോടെ
കാറില്‍ നിന്ന് പുറത്തിറങ്ങിയ നാലു പേര്‍ അസ്ഹറിനെ ഹോക്കി സ്റ്റിക്കും ഇരുമ്പു വടിയും ഉപയോഗിച്ച് മര്‍ദിച്ചു. ഇതു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെയും ആക്രമികള്‍ പിന്തുടര്‍ന്നെന്നും ഇംറാന്‍ പറയുന്നു. ഇതു വഴി കടന്നു പോയവരാണ് അസ്ഹറിനെ ആശുപത്രിയിലെത്തിച്ചതെന്നും ഇംറാന്‍ പറഞ്ഞു.