ന്യൂദല്‍ഹി- കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വീണ്ടും കുഴിയില്‍ ചാടിച്ച് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍നിന്ന് അയോഗ്യനാക്കിയ നടപടി നിരീക്ഷിച്ചുവരുന്നതായ ജര്‍മനിയുടെ പ്രസ്താവനക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സിംഗിന്റെ ട്വീറ്റ് മറ്റൊരു ലക്ഷ്യം മുന്നില്‍കണ്ടാണ്.
ഇന്ത്യയിലെ കാര്യത്തില്‍ വിദേശ ശക്തികളെ ഇടപെടുവിക്കാനാണ് രാഹുലിന്റെ ശ്രമമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനിടയിലാണ് സിംഗിന്റെ നന്ദി പറച്ചില്‍. ഇതോടെ ഞങ്ങള്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ ബി.ജെ.പി നേതൃത്വം രംഗത്തുവന്നു.
രാഹുല്‍ഗാന്ധിയെ വേട്ടയാടുന്നതിലൂടെ ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ അട്ടിമറിക്കപ്പെട്ടിരിക്കുന്ന എന്ന കാര്യം ശ്രദ്ധിച്ചതില്‍ ജര്‍മന്‍ വിദേശമന്ത്രാലയത്തിനും റിച്ചാര്‍ഡ് വാക്കര്‍ക്കും നന്ദി എന്നായിരുന്നു ദ്വിഗ് വിജയ് സിംഗിന്റെ ട്വീറ്റ്. ഇതോടെ ബി.ജെ.പി ഇതില്‍ കയറിപ്പിടിച്ചു. രാജ്യത്തിന്റെ യശസ്സിനെ കോണ്‍ഗ്രസ് കെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. കോണ്‍ഗ്രസോ രാഹുലോ ഇന്ത്യയുടെ ജനാധിപത്യ, രാഷ്ട്രീയ, നിയമ യുദ്ധം ഇന്ത്യക്കുള്ളില്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിദേശശക്തികളെ ഇന്ത്യന്‍ വിഷയത്തില്‍ ഇടപെടാന്‍ അവര്‍ ക്ഷണിക്കുകയാണ്.
ദ്വിഗ് വിജയ് സിംഗിന്റെ ട്വീറ്റിന് മറുപടി നല്‍കി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ട്വീറ്റ് ചെയ്‌തെങ്കിലും സിംഗിന്റെ പ്രവൃത്തി വരുത്തിയ വിന ചെറുതല്ല. നേരത്തേയും പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോഴൊക്കെ പിന്നില്‍നിന്ന് കുത്തുന്ന ഇടപെടലുകള്‍ സിംഗില്‍നിന്ന് ഉണ്ടായിട്ടുണ്ട്.