കോഴിക്കോട്- കരിപ്പൂരിൽ നിന്നും ദുബായ്, ഷാർജ സെക്ടറുകളിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയത് പുനരാരംഭിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം. മലബാർ മേഖലയോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും തീരുമാനം എത്രയും പെട്ടെന്ന് പിൻവലിച്ച് സർവീസുകൾ പുനരാരംഭിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
അത്യാഹിത ഘട്ടങ്ങളിൽ സ്ട്രെച്ചറിൽ യാത്രയ്ക്ക് സൗകര്യമുണ്ടായിരുന്ന ഏക വിമാനമാണ് ഇതോടെ ഇല്ലാതാകുന്നത്. കേരളത്തിന്റെ വടക്കൻ മേഖലയിലുള്ളവർ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ നെടുമ്പാശ്ശേരിയിലേക്കോ തിരുവനന്തപുരത്തേക്കോ യാത്ര ചെയ്യേണ്ടി വരും. രോഗികളെയും കൊണ്ട് ദീർഘ ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് യാത്രക്കാർക്ക് വലിയ ദുരന്തമായിരിക്കും.
ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ട് സർവീസ് പുനരാരംഭിക്കുവാനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഫോറം ശക്തമായി ആവശ്യപ്പെട്ടു.
സർവീസുകൾ നിർത്തലാക്കുന്നതോടെ കോഴിക്കോട് നിന്നും ആഴ്ചയിൽ ഗൾഫ് മേഖലയിലേക്ക് 2200 സീറ്റുകളാണ് നഷ്ടപ്പെടുന്നത്. വേനലവധി കൂടി വരുന്നതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ദുരിതങ്ങളനുഭവിക്കേണ്ടി വരും.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ് ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ബന്ന മുതുവല്ലൂർ, അഷ്റഫ് മാത്ര എന്നിവർ സംസാരിച്ചു. സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ട്രഷറർ കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.