കോട്ടയം- നെതർലന്റ് ജനതയുടെ ദിനജീവിതത്തോടും സംസ്‌കാരത്തോടും ചേർന്ന് ഒഴുകുന്നതാണ് സൈക്കിൾ യാത്രകൾ. രാജ്യാന്തര ടൂറിസം കേന്ദ്രമായ കുമരകത്ത് സൈക്കിളേറിയപ്പോൾ അതു കൊണ്ടു തന്നെ ഡച്ച് വനിതയ്ക്ക് അതിൽ അത്ഭൂതമില്ലായിരുന്നു. എന്നാൽ മുന്നിൽ തെളിഞ്ഞത് മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിലൂടെ ജീവിതങ്ങൾ തിരികെ പിടിച്ച ചരിത്രം. കോവിഡിനെതിരെ സാർവത്രിക വാക്‌സിനേഷനിൽ ഇന്ത്യയുടെ നേട്ടത്തിന്റെ പടവുകൾ.
ഡിജിറ്റൽ ഇന്ത്യ കോവിൻ പോർട്ടലിലൂടെ നടത്തിയ വാക്‌സിനേഷൻ യജ്ഞം അനാവരണം ചെയ്യുന്ന സ്റ്റാളിലാണ് സൈക്കിൾ ഇടം പിടിച്ചിരിക്കുന്നത്. സൈക്കിൾ മെല്ലെ ചവുട്ടി തുടങ്ങുമ്പോൾ ഡിസ്‌പ്ലേ സ്‌ക്രീനിൽ കോവിഡിനെ ചെറുത്തു തോൽപ്പിക്കാൻ രാജ്യം നടത്തിയ വാക്‌സിനേഷന്റെയും പ്രതിരോധപ്രവർത്തനങ്ങളുടെയും നാൾ വഴികൾ ഒന്നൊന്നായി തെളിയുന്നു. വിദേശത്തു നിന്നും എത്തിയ പ്രതിനിധികളെ ഏറെ ആകർഷിച്ച വേദിയാണ് ഇത്.
ജലത്താൽ ചുറ്റപ്പെട്ട നെതർലന്റിൽ സൈക്കിൾയാത്രകൾ ഒരു ഹരമാണ്. സംസ്‌കാരത്തിന്റെ പ്രതീകവും. സൈക്കിൾ കണ്ടപ്പോൾ അതേ കൗതുകത്തിലാണ് നയതന്ത്രവനിത ഒരു കൈ നോക്കിയതും. പക്ഷേ മുന്നിൽ തെളിഞ്ഞ ഡിജിറ്റൽ വഴി വിസ്മയിപ്പിക്കുന്നതായി. ഒരു രാജ്യത്തിന്റെ കൂട്ടായ്മയുടെ പുതിയ ചരിത്രം. ഇത് ഒരുമയുടെ പുതിയ അധ്യായമാണ്- ആഹ്ലാദം മറച്ചുവയ്ക്കാതെ നയതന്ത്രവനിത പറഞ്ഞു. കേരളത്തിന്റെ പ്രകൃതി ചാരുതയെക്കുറിച്ചു സംസാരിക്കുമ്പോഴും വാചാലയാകുന്നു. ഇവിടുത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്കാണ് കൂടുതൽ മാർക്കിടുന്നത്.
ജി 20 ഉദ്യോഗസ്ഥതല യോഗത്തിന്റെ ആദ്യ ദിനത്തിൽ പ്രാരംഭ സെഷൻ വേദിയായ സ്വകാര്യ ഹോട്ടലിലാണ് ഡിജിറ്റൽ ഇന്ത്യയുടെ മാറുന്ന മുഖം അനാവരണം ചെയ്യുന്ന പ്രദർശനവും ഒരുക്കിയിരുന്നത്. നോട്ടുരഹിത ബാങ്കിംഗ് വിപ്ലവമായ യുപിഎ ഇടപാടുകളും അതിലെ മുൻനിരക്കാരായ ഗൂഗിൾ പേ, പേടിഎം സ്റ്റാളുകൾ. കോവിഡിൽ രാജ്യം നടത്തിയ ഐതിഹാസിക യുദ്ധം ജി-20 രണ്ടാം ഉദ്യോഗസ്ഥ തല യോഗത്തിന്റെ അധ്യക്ഷൻ അമിതാഭ് കാന്ത് വിദേശ പ്രതിനിധികൾക്ക് തുടക്കത്തിൽ വിശദീകരിച്ചു നൽകി. യുപിഎ ഇടപാടും ഡിജിറ്റൽ കറൻസിയും നാടിന്റെ മുഖച്ഛായ മാറ്റിയെഴുതിയതും വിശദീകരിക്കപ്പെട്ടു. ഗൂഗിൾ പേ വൈസ് പ്രസിഡന്റ് അംബരീഷ് കെൻഗേ സ്‌കെയിലിങ് ഡിപിഐ: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലും സംസാരിച്ചു. വാർത്താ വിതരണ വകുപ്പ് സെക്രട്ടറി അപൂർവ് ചന്ദ്രയും യോഗത്തിനെത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)