കണ്ണൂർ- മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വധിക്കാൻ ശ്രമിച്ച കേസിലെ കോടതി വിധി
നിയമപോരാട്ടത്തിലേക്ക്. കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളും മേൽകോടതിയിൽ അപ്പീൽ സമർപ്പിക്കാനൊരുങ്ങുമ്പോൾ, കേസിലെ 110 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചയാണ് പ്രധാന പ്രതികളെ വെറുതെ വിടാൻ കാരണമായതെന്ന ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപണവും ഇതിനകം വിവാദമായിക്കഴിഞ്ഞു.
പോലീസ് അത് ലറ്റിക് മീറ്റ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സി.പി.എം പ്രവർത്തകർ സംഘടിച്ച് വാഹനം തടഞ്ഞ് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെയാണ് കണ്ണൂർ അസി.സെഷൻസ് കോടതി ശിക്ഷിച്ചത്. ദീപക് ചാലാട്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദീപക് ചാലാടിന് മൂന്നു വർഷം തടവും 25,000 രൂപ പിഴയും, ബിജു പറമ്പത്ത്, സി.ഒ.ടി നസീർ എന്നിവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. എം.എൽ.എമാരായിരുന്ന സി.കൃഷ്ണൻ, കെ.കെ.നാരായണൻ എന്നിവർ ഉൾപ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷിക്കപ്പെട്ട സി.ഒ.ടി നസീർ കേസിൽ 88ാം പ്രതിയാണ്. ദീപക് 18ാം പ്രതിയും ബിജു പറമ്പത്ത്, 99ാം പ്രതിയുമാണ്. മുൻ എം.എൽ.എ, സി. കൃഷ്ണനാണ് ഒന്നാം പ്രതി. പ്രതികളിൽ സി.ഒ.ടി നസീർ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ്. സംഭവം നടക്കുമ്പോൾ ഇവർ മൂവരും സി.പി.എം ഭാരവാഹികളും പ്രവർത്തകരുമായിരുന്നു.
ശിക്ഷിക്കപ്പെട്ട പ്രതികൾ വ്യത്യസ്ത അപ്പീലുമായാണ് മേൽക്കോടതിയെ സമീപിക്കുക. സി.പി.എം പ്രവർത്തകനായ പ്രതികൾക്ക് വേണ്ടി പാർട്ടി നേരിട്ട് അപ്പീൽ നൽകുമ്പോൾ, സി.പി.എം പുറത്താക്കിയ സി.ഒ.ടി നസീർ സ്വന്തം നിലയിൽ ഹരജി നൽകും. രണ്ട് വർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.
അതേസമയം, പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷൻ ഉടൻ അപ്പീൽ നൽകണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് നേതൃത്വവും രംഗത്ത് വന്നു. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയ്ക്ക് നേരെ നടന്ന വധശ്രമമെന്ന നിലയിൽ കണ്ണൂരിലെ കേസിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.
എന്നാൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞപ്പോൾ 110 പ്രതികളിൽ 107 പേരെയും കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.
കേസ് നടത്തിപ്പിലും വിചാരണയിലുമെല്ലാം നിരവധി പാളിച്ച സംഭവിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നിയമ നടപടികളിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ്. തെളിവുകളില്ലാതിരുന്നിട്ടും തന്നെ ശിക്ഷിച്ചതിന് പിന്നിൽ കേസ് നടത്തിപ്പിലെ കളിയാണെന്നാണ് നസീറിന്റെ ആരോപണം. സിപിഎം പ്രവർത്തകരായ രണ്ട് പേർക്കായി പാർട്ടി തന്നെ അപ്പീൽ പോകും. പൊതുമുതൽ നശിപ്പിച്ചെന്നതിന് മൊഴി മാത്രമാണുള്ളതെന്നും തകർത്ത വാഹനം ഹാജരാക്കാൻ ആയിട്ടില്ലെന്നുമാണ് പ്രതികളുടെ നിലപാട്. ഇതിനിടെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചയാണ് കേസിൽ പ്രധാന പ്രതികളെ വെറുതെ വിടാൻ കാരണമായതെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
ബഹുഭൂരിപക്ഷം സാക്ഷികളും പ്രതികളെ തിരിച്ചറിയാത്തത് ദുരൂഹമാണെന്നും സി.പി.എം നേതാക്കളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ പോകണമെന്നുമാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.