വീട്ടിലെത്തിയപ്പോള്‍ ഭക്ഷണമില്ല,  യുവാവ് ഭാര്യയെ തല്ലിക്കൊന്നു 

ന്യൂദല്‍ഹി- ജോലികഴിഞ്ഞെത്തിയപ്പോള്‍ ഭക്ഷണം കിട്ടാത്തതില്‍ രോഷം പൂണ്ട് യുവാവ് രോഗിയായ ഭാര്യയെ തല്ലിക്കൊന്നു. ദല്‍ഹിയിലെ ബല്‍സ്വായില്‍ ബജ്‌റംഗി ഗുപ്ത എന്ന യുവാവ് അരുംകൊല നടത്തിയത്. അറസ്റ്റിലായ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
വീട്ടില്‍ നിന്ന് കുറച്ചകലെ ചായക്കട നടത്തുകയാണ് ബജ്‌റംഗി ഗുപ്ത. കഴിഞ്ഞദിവസം കടയിലെ ജോലിക്കുശേഷം വിശന്നുവലഞ്ഞ് വീട്ടിലെത്തിയെങ്കിലും ഭാര്യ ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടാവുകയും ബജ്‌റംഗി ഗുപ്ത വടികൊണ്ട് ഭാര്യയെ പൊതിരെ തല്ലുകയുമായിരുന്നു. ബഹളംകേട്ടെത്തിയ സമീപവാസികളാണ് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്. ആറുമാസം പ്രായമുള്ള ഒരു കുഞ്ഞും ഇവര്‍ക്കുണ്ട്. പോലീസ് വീട്ടിലെത്തി പരിശോധിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിക്കാനുപയോഗിച്ച വടിയും കണ്ടെടുത്തു.മകളും ബജ്‌റംഗി ഗുപ്തയും നേരത്തേ പ്രശ്‌നമുണ്ടെന്നും കുഞ്ഞിനെ നോക്കിയതിനാലാണ് ഭക്ഷണം ഉണ്ടാക്കാന്‍ വൈകിയതെന്നുമാണ് യുവതിയുടെ മാതാവ് പറയുന്നത്.

Latest News